മലപ്പുറം : കളക്‌ട്രേറ്റ് പരിസരത്തെ സ്‌ഫോടനം തീവ്രവാദ സംഘടനകളുടെ ‘ടെസ്റ്റ് ഡോസാണെ’ ന്ന നിഗമനത്തില്‍ പോലീസ്.
മുന്‍പ് കൊല്ലം, മൈസൂര്‍, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ടായ സ്‌ഫോടനത്തിന് സമാനമായതായതിനാല്‍ കേന്ദ്ര ഏജന്‍സികളായ എന്‍.ഐ.എ, ഐ.ബി ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
കൊച്ചിയിലെ എന്‍.ഐ.എ ഉദ്യോഗസ്ഥരാണ് സ്‌ഫോടനത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പരിശോധിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ സംഘാംഗങ്ങള്‍ എത്തും. മുന്‍പ് കൊല്ലത്തുണ്ടായ സ്‌ഫോടനത്തിന്റെ വിശദാംശങ്ങള്‍ മലപ്പുറത്തിനേതിന് സമാനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
റിമോട്ട് ഉപയോഗിച്ചാണ് ഹോമിയോ ഡി.എം.ഒ യുടെ ഔദ്യോഗിക കാറില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന തുടരുകയാണ്.
കാറിനുള്ളില്‍ നിന്ന് ഒരു കത്തും പെന്‍ഡ്രൈവുമാണ് പോലീസിന് ലഭിച്ചത്. ബേസ് മൂവ്‌മെന്റ് എന്നെഴുതിയിട്ടുള്ള കത്തിലെ പൂര്‍ണ്ണമായ വിശദാംശം പോലീസ് പുറത്തു വിട്ടിട്ടില്ല.
ഉത്തര്‍ പ്രദേശില്‍ പശു വിവാദത്തില്‍ മുഹമ്മദ് അക്‌ലാഖിനെ കൊലചെയ്തതിലുള്ള പ്രതികാരമായാണ് ആക്രമണമെന്നാണ് കത്തില്‍ പരാമര്‍ശിക്കുന്നതെന്നാണ് അറിയുന്നത്.
ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇതുപോലുള്ള പൊട്ടിത്തെറികള്‍ ആവര്‍ത്തിക്കുമെന്നും കത്തില്‍ ഭീഷണിയുണ്ട്.
കൊല്ലം, മൈസൂര്‍, ഹൈദരാബാദ് സ്‌ഫോടനങ്ങള്‍ക്ക് ഉപയോഗിച്ച സര്‍ക്യൂട്ടിന് സമാനമായ ഉപകരണങ്ങളാണ് ഇവിടെ നിന്നും ലഭിച്ചിരിക്കുന്നത്.
വാഹനത്തിന്റെ പിന്‍വശത്താണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവസമയത്ത് ഈ വാഹനത്തിലും പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലും ആരും ഉണ്ടായിരുന്നില്ല.