മലപ്പുറം: ഭൂരിപക്ഷം വര്‍ധിപ്പിച്ച് വീണ്ടും ചരിത്രം രചിക്കാന്‍ കളത്തിലിറങ്ങുന്ന മുസ്ലീം ലീഗിനും യു ഡി എഫിനുമെതിരെ ഇടതുപക്ഷം വരുന്നത് വന്‍ സന്നാഹവുമായി.
സ്ഥാനാര്‍ത്ഥിയുടെ മികവ് എന്നതിലുപരി കേഡര്‍ പാര്‍ട്ടിയായ സി പി എം ന്റെ മുഴുവന്‍ സംഘടനാ സംവിധാനവും മലപ്പുറം തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാണ് ചെമ്പട ഒരുങ്ങുന്നത്.
ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എംബി ഫൈസലിനെ രംഗത്തിറക്കിയതു തന്നെ മത്സരം കടുപ്പമാക്കാനാണ്.
യുവസമൂഹത്തിന് നിര്‍ണ്ണയക സ്വാധീനമുള്ള മണ്ഡലത്തില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് സിപിഎം നല്‍കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ,വി എസ് അച്യുതാനന്ദന്‍ തുടങ്ങി സപിഎം ന്റെയും ഇടതുമന്നണിയുടെയും മുഴുവന്‍ സംസ്ഥാന നേതാക്കളും മണ്ഡലത്തില്‍ പ്രചരണത്തിനുണ്ടാകും.
അയല്‍കൂട്ടയോഗങ്ങളില്‍ മന്ത്രിമാരും എം എല്‍ എ മാരുമടക്കമുള്ളവര്‍ പങ്കെടുക്കും.ഓരോ തിരഞ്ഞെടുപ്പ് കമ്മറ്റികള്‍ക്കും മുതിര്‍ന്ന നേതാക്കളുടെ പ്രത്യേക ചുമതലകള്‍ തന്നെ നിശ്ചയിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജനങ്ങളെ ഇളക്കിമറിക്കാന്‍ മുഖ്യമന്ത്രി പിണറായിയും വിഎസും തന്നെയാണ് രംഗത്തുണ്ടാകുക.
സംഘ പരിവാര്‍ ഭീഷണി നേരിടുന്ന പിണറായിക്ക് ന്യൂനപക്ഷ ആധിപത്യമുള്ള മണ്ഡലത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സി പി എം പ്രവര്‍ത്തകര്‍.
കഴിഞ്ഞ തവണ ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന പി കെ സൈനബക്ക് 2,42,884വോട്ടുകളാണ് ലഭിച്ചിരുന്നത്. ഇത് വലിയ രൂപത്തില്‍ വര്‍ധിപ്പിക്കുക എന്നതോടൊപ്പം അട്ടിമറി സാധ്യത കൂടി സി പി എം ലക്ഷ്യമിടുന്നുണ്ട്.
എം എല്‍ എ ആയ കുഞ്ഞാലിക്കുട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചത് യു ഡി എഫിനെതിരെ പ്രധാന പ്രചരണമാക്കി ഉയര്‍ത്തി കൊണ്ടുവരാന്‍ സി പി എം തീരുമാനിച്ചിട്ടുണ്ട്.
വീടുകള്‍ തോറും കയറിയുള്ള പ്രചരണത്തിന് സ്ത്രീകളുടെയും വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും
പ്രത്യേക സ്‌ക്വാഡുകള്‍ തന്നെയുണ്ടാകും.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം നടക്കുന്ന പ്രധാന തിരഞ്ഞെടുപ്പായതിനാല്‍ ഒരു കുറവും പ്രചരണ കാര്യത്തില്‍ മണ്ഡലത്തിലെ ഒരു മേഖലയിലും വരുത്തരുതെന്നാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം.
സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്തായി മാറ്റാന്‍ യു ഡി എഫ് ശ്രമിക്കുന്ന വിധിയെ ഭൂരിപക്ഷം കുത്തനെ കുറച്ച് തിരിച്ചടി നല്‍കുക എന്നതാണ് പ്രധാനമായും സി പി എം ലക്ഷ്യമിടുന്നത്.
മുമ്പ് മഞ്ചേരിയില്‍ അട്ടിമറി വിജയം നേടിയ ചരിത്രം മലപ്പുറത്ത് ആവര്‍ത്തിച്ചാലും അത്ഭുതപ്പെടേണ്ടതില്ലന്ന അവകാശവാദവും ചില നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.