മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവ് സി.പി.എമ്മിനെ വീണ്ടു വേട്ടയാടുന്നു.
കൂടുതല്‍ ശക്തനായൊരു സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുകയും ജിഷ്ണു പ്രണോയ് വിഷയം ‘കത്തി’ നില്‍ക്കുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ മലപ്പുറത്തെ ഫലം മറ്റൊന്നാകുമായിരുന്നു. ഇത്രയും പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ഒരു ലക്ഷത്തിലധികം വോട്ടുകള്‍ ഇടതു പക്ഷത്തിന് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞത് രാഷ്ട്രീയ നിരീക്ഷകരെപോലും അദ്ഭുതപെടുത്തിയിട്ടുണ്ട്. യുഡിഎഫിന് കാല്‍ ലക്ഷത്തോളം ഭൂരിപക്ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നഷ്ട്മായത് ലീഗ് നേതൃത്വത്തേയും ഇതിനകം ഞെട്ടിച്ചിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവാണ് ഇടതുപക്ഷത്തിന് അട്ടിമറി വിജയം നടത്താന്‍ കഴിയാതെപോയതിന് ഇടയാക്കിയ പ്രധാന കാരണം.കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.കെ സൈനബയെ രംഗത്തിറക്കി നടത്തിയ പരീക്ഷണം പരാജയമായിട്ടും മലപ്പുറം രാഷ്ട്രീയത്തിന്റെ മനസറിഞ്ഞ നേതാവിനെ രംഗത്തിറക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ല.
മലപ്പുറം ജില്ലാ കമ്മിറ്റി സ്ഥാനാര്‍ത്ഥിത്വത്തിനായി സമര്‍പ്പിച്ച 2004ല്‍ മഞ്ചേരിയില്‍ ലീഗ് കുത്തക തകര്‍ത്ത് സി.പി.എമ്മിന് അട്ടിമറി വിജയം സമ്മാനിച്ച ടി.കെ ഹംസ, ജില്ലാ പഞ്ചായത്തംഗം ടി.കെ റഷീദലി എന്നിവനരെ തള്ളിയാണ് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം.ബി ഫൈസലിനെ അപ്രതീക്ഷിതമായി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
മലപ്പുറത്ത് കാന്തപപുരം എ.പി സുന്നികളുടെയും കോണ്‍ഗ്രസ് വോട്ടുകളും നേടാതെ ഇടതുപക്ഷത്തിന് വിജയപ്രതീക്ഷയ്ക്ക് വകയില്ല. ഇത്തരത്തില്‍ വോട്ടുസമാഹരിക്കാന്‍ കഴിയാത്ത നേതാവായിരുന്നു ഫൈസല്‍.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പി.കെ സൈനബയെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ എ.പി സുന്നി വിഭാഗം കൈവിട്ട തിരിച്ചടി സി.പി.എം നേതൃത്വം ഉള്‍ക്കൊണ്ടില്ല. പരമ്പരാഗതമായി ഇടതുപക്ഷത്തെ പിന്തുണച്ചവര്‍പോലും തട്ടമിടാത്ത സൈനബക്ക് വോട്ടില്ലെന്നനിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെയാണ് ഇ. അഹമ്മദിന് 1.94 ലക്ഷത്തിന്റെ തിളക്കമാര്‍ന്ന വിജയം നേടാനായത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പിന്തുണച്ച ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള തന്ത്രപരമായ നീക്കങ്ങളൊന്നും സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവലം 1508 വോട്ടിനു മാത്രം പൊരുതിതോറ്റ റഷീദലിയെ സ്ഥാനാര്‍ത്ഥി
യാക്കിയിരുന്നെങ്കില്‍ പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളിലെങ്കിലും ഇടതുമുന്നണിക്ക് മുന്നിലെത്താമായിരുന്നു. പഴയ മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ ഹംസ മത്സരിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് വോട്ടുകളും സമാഹരിക്കാമായിരുന്നു. ഫൈസലിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ ഈ സാധ്യതകളെല്ലാമാണ് അടഞ്ഞത്.
ഇത്രയും പ്രതികൂല സാഹചര്യത്തിലും വോട്ട് ശതമാനത്തില്‍ വര്‍ദ്ധനവുണ്ടാക്കാന്‍ കഴിഞ്ഞത് മാത്രമാണ് ഇടതുപക്ഷത്തെ സംബന്ധിച്ച് ഇപ്പോള്‍ ആശ്വാസകരമായിട്ടുള്ളത്.