malappuram cpm

മലപ്പുറം : മുസ്ലീം ലീഗ് കോട്ടകള്‍ തകര്‍ത്ത് മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ ചെമ്പട ഇറക്കിയ സമ്പന്നരെച്ചൊല്ലി സി.പി.എം അണികള്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാവുന്നു.

നിലമ്പൂരില്‍ തുടങ്ങിയ പ്രതിഷേധം ഇപ്പോള്‍ തിരൂര്‍, തിരൂരങ്ങാടി, താനൂര്‍ മണ്ഡലങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കോടീശ്വരന്‍മാരായ വ്യവസായികളെ സ്വതന്ത്ര ബാനറില്‍ മത്സരിക്കാന്‍ ഇറക്കിയതാണ് ഇടത് മുന്നണി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിരിക്കുന്നത്.ഇതില്‍ തിരൂരില്‍ മത്സരിക്കുന്ന പി.ഗഫൂറും നിലമ്പൂരില്‍ മത്സരിക്കുന്ന പി.വി. അന്‍വറും താനൂരില്‍ മത്സരിക്കുന്ന വി.അബ്ദു റഹിമാനും സി.പി.എം സ്വതന്ത്രരാണ്. തിരൂരങ്ങാടിയിലെ നിയാസ് ആകട്ടെ സി.പി.ഐ യെയാണ് പ്രതിനിധീകരിക്കുന്നത്.

നാല് മണ്ഡലങ്ങളിലും സി.പി.എം. അണികളിലാണ് പ്രതിഷേധം അഗ്‌നിപര്‍വ്വതമായി പുകയുന്നത്. സി.പി.എം ന് കാര്യമായ സ്വാധീനമുള്ള വള്ളിക്കുന്ന് മണ്ഡലത്തിലെ സി.പി.എം പ്രവര്‍ത്തകരും പ്രകോപിതരാണ്. ജില്ലയില്‍ നിന്നുള്ള സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം മുന്‍കൈ എടുത്താണ് സമ്പന്നരെ രംഗത്തിറക്കിയതെന്നാണ് പാര്‍ട്ടി അണികള്‍ക്കിടയിലെ ആരോപണം.

2006ല്‍ 5 സീറ്റില്‍ ജയിച്ച് യു.ഡി.എഫ് നെ ഞെട്ടിച്ചത് സമ്പന്നരെ ഇറക്കിയല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ അവര്‍ ചോദ്യം ചെയ്യുന്നത്. നിലവില്‍ 16 മണ്ഡലങ്ങളുള്ള മലപ്പുറത്തുനിന്ന് 2 അംഗങ്ങള്‍ മാത്രമാണ് ഇടതുപക്ഷത്തിനുള്ളത്. സി.പി.എം. നേതാക്കളായ പി.ശ്രീരാമകൃഷ്ണനും (പൊന്നാനി) പെരിന്തല്‍മണ്ണയില്‍ നിന്ന് വി.ശശികുമാറുമാണ് വിജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗ് കോട്ടകളെ വിറപ്പിച്ച് വന്‍ വിജയം നേടാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ ശ്രമിച്ചാല്‍ നിഷ്പ്രയാസം വിജയിക്കാമായിരുന്ന നിരവധി മണ്ഡലങ്ങള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലൂടെ തുലച്ചതായാണ് വിലയിരുത്തല്‍.

നിലമ്പൂരില്‍ പാര്‍ട്ടി തീരുമാനം വന്ന ഉടനെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസ് പിടിച്ചെടുക്കുകയും 10 ബ്രാഞ്ച് കമ്മിറ്റികള്‍ കൂട്ട രാജി നല്‍കുകയും ചെയ്തിരുന്നു. ആര്യാടന്‍ മത്സരിക്കാത്ത തിരഞ്ഞെടുപ്പില്‍ മണ്ഡലം പിടിച്ചെടുക്കാമെന്ന് കണക്കുകൂട്ടിയ പാര്‍ട്ടി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നപ്പോള്‍ നിരാശരായത്.

തിരൂരില്‍ ഏറെ ജനകീയ പിന്‍തുണയുള്ള സി.ഐ.ടി.യു നേതാവ് കൂട്ടായി ബഷീര്‍, പാര്‍ട്ടി ഏരിയാ സെക്രട്ടറി ഹംസകുട്ടി എന്നിവരെ തഴഞ്ഞ് പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ ഉടമയായ ഗഫൂറിനെ രംഗത്തിറക്കിയത് എന്തടിസ്ഥാനത്തിലാണെന്നാണ് ചോദ്യം. വിവിധ ബ്രാഞ്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഒറ്റക്കെട്ടായാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

സി.പി.എം. ചിഹ്നത്തില്‍ മുമ്പ് അട്ടിമറി വിജയം പാര്‍ട്ടി ഏരിയാ സെക്രട്ടറിയായിരുന്ന പി. പി അബ്ദുള്ളക്കുട്ടി നേടിയ മണ്ഡലമാണ് തിരൂര്‍. ഇപ്പോള്‍ തിരൂര്‍ നഗരസഭയില്‍ മുസ്ലീം ലീഗില്‍ നിന്ന് പിടിച്ചെടുത്ത് ഇടത് മുന്നണി നേതൃത്വത്തിലാണ് ഭരിക്കുന്നത്. മുന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായ എസ്.ഗിരീഷാണ് മുന്‍സിപ്പല്‍ ചെയര്‍മാന്‍.

താനൂരിലും തിരൂരങ്ങാടിയിലും സ്ഥിതി വ്യത്യസ്തമല്ല. സമ്പന്നരുടെ പിന്നാലെ പോവുന്നത് എന്ത് താല്‍പ്പര്യത്തിന്റെ പുറത്താണെന്ന അണികളുടെ ചോദ്യത്തിന് മുന്നില്‍ മറുപടി പറയാന്‍ പറ്റാത്ത അവസ്ഥയില്‍ ഒഴിഞ്ഞ് മാറി നടക്കേണ്ട ഗതികേടിലാണ് പലയിടത്തും നേതാക്കള്‍.

വള്ളിക്കുന്ന് മണ്ഡലം ഐ.എന്‍.എല്ലി ന് കൊടുത്തതിന് പിന്നില്‍ ചില ‘ഇടപാടു’ കള്‍ ഒരു ചോട്ടാ നേതാവ് നടത്തിയതായും ഇതിനകം ആരോപണമുയര്‍ന്നിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ കനിവില്‍ വിലസി നടക്കുന്ന ഈ നേതാവ് വ്യവസായികള്‍ മത്സരിക്കുന്ന ചില മണ്ഡലങ്ങളില്‍ രാത്രി കാലങ്ങളില്‍ രഹസ്യ സന്ദര്‍ശനം നടത്തിയത് ചില ‘അജണ്ട’ മുന്‍നിര്‍ത്തിയുള്ള ദൂതുമായായിരുന്നുവെന്നാണ് ആക്ഷേപം.അണികളെ പേടിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് ശേഷം സ്വന്തം തട്ടകത്തില്‍ പോലും ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണിപ്പോള്‍ ഈ ‘ചോട്ടാ’ നേതാവ്.

ടി.കെ.ഹംസ, പി.കെ. സൈനബ, എം.സ്വരാജ് എന്നീ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ജില്ലയില്‍ നിന്നുണ്ടായിട്ടും പരിഗണിക്കാതിരുന്നതും ഇതിനകം തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

സമ്പന്നര്‍ക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയതിന് പിന്നില്‍ കോടികളുടെ ഇടപാട് നടന്നെന്ന് ആരോപിച്ച് പോസ്റ്ററുകളും ഫ്‌ളക്‌സുകളും വ്യാപകമായി ജില്ലയില്‍ പ്രചരിക്കുന്നുണ്ട്. അണികളുടെ രോഷം ശമിപ്പിക്കാന്‍ അടിയന്തിരമായി പാര്‍ട്ടി കമ്മിറ്റികളും തെരഞ്ഞെടുപ്പ് സമിതികളും വിളിച്ച് ചേര്‍ക്കാനുള്ള നീക്കത്തിലാണ് സി.പി.എം. ജില്ലാ നേതൃത്വം.

Top