തിരുവനന്തപുരം: മലപ്പുറം ജില്ലാ കലക്ടര്‍ എ.ഷൈന മോളെ ജലവിഭവവകുപ്പിലേക്ക് മാറ്റി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പകരം അമിത് മീണയാകും പുതിയ മലപ്പുറം ജില്ല കളക്ടര്‍.
കൂടാതെ പാട്ടീല്‍ അജിത്ത് ഭഗവത് റാവൂ തുറമുഖ ഡയറക്ടറും,കെ ഗോപാല കൃഷ്ണന്‍ സര്‍വെ ഡയറക്ടറുമാകും
സര്‍ക്കാര്‍ പരിപാടികളില്‍ എംഎല്‍എമാരെ സഹകരിപ്പിക്കുന്നില്ല, പൊതുമരാമത്ത് വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഹാജരായില്ല തുടങ്ങിയ പരാതികളെ തുടര്‍ന്നാണ് ഷൈനമോളെ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് 22 വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന പുഷ്പന് അഞ്ച് ലക്ഷം രൂപയും വീല്‍ചെയറും പ്രതിമാസം 8000 രൂപ പെന്‍ഷനും നല്‍കാനും, സംഗീതസംവിധായകന്‍ എംകെ അര്‍ജുനന്റെ ചികിത്സാചിലവ് ഏറ്റെടുക്കുവാനും ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
മന്ത്രിസഭായോഗത്തിലെ മറ്റു തീരുമാനങ്ങള്‍
•സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്‌മെന്റിനെ (SIRD) കിലയുമായി സംയോജിപ്പിക്കും
•കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷനില്‍ നിലവിലുള്ള അംഗത്തിന്റെ ഒഴിവിലേക്ക് മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫിയെ നിയമിക്കും.
•മതധര്‍മ്മ സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്ന തിരുപ്പൂവാരം തുക മൂന്നിരട്ടിയായി വര്‍ധിപ്പിക്കും. ഓരോ അഞ്ചു വര്‍ഷം കഴിയുന്തോറും പുതുക്കിയ തുകയുടെ 25 ശതമാനം വര്‍ധിപ്പിക്കാനും തീരുമാനിച്ചു.
•കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ പുതിയ ഐ.ടി.ഐ സ്ഥാപിക്കാനും, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, മെക്കാനിക്കല്‍ അഗ്രിക്കള്‍ച്ചറല്‍ മെഷീനറി എന്നീ രണ്ടു ട്രേഡുകള്‍ ആരംഭിക്കും. ഇതിനായി 8 പുതിയ തസ്തികകള്‍ സൃഷ്ടിക്കും.
•ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മേഖലാടിസ്ഥാനത്തില്‍ യോഗങ്ങള്‍ ചേരും.സംസ്ഥാന മിഷനുകളില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ ചേമ്പര്‍, മേയേഴ്‌സ് കൗണ്‍സില്‍ എന്നിവയുടെ ഓരോ പ്രതിനിധികളെയും ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമാരില്‍ നിന്നും ഓരോരുത്തരെ വീതവും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
•സ്റ്റാറ്റിയൂട്ടറി കമ്മീഷനുകളില്‍ അംഗങ്ങളായി നിയമിതരാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് തീയതി മുതല്‍ വിരമിക്കല്‍ ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചു. 2006 ജനുവരി ഒന്നിനോ അതിനുശേഷമോ നിയമിതരായവര്‍ക്കാണ് ഇതിന് അര്‍ഹതയുളളത്. മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കുന്നതല്ല. കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന ക്ഷാമാശ്വാസം, മിനിമം പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ എന്നിവ ഇവര്‍ക്ക് ബാധകമല്ല. 2 മുതല്‍ 3 വര്‍ഷത്തിനകം സേവന കാലാവധിയുളളവര്‍ക്ക് 7,000/ രൂപയും, 3 മുതല്‍ 4 വര്‍ഷത്തിനകം സേവന കാലാവധിയുളളവര്‍ക്ക് 8,000/ രൂപയും, 4 മുതല്‍ 5 വര്‍ഷത്തിനകം സേവന കാലാവധിയുളളവര്‍ക്ക് 9,000/ രൂപയും, 5 മുതല്‍ 6 വര്‍ഷത്തിനകം സേവന കാലാവധിയുളളവര്‍ക്ക് 10,000/ രൂപയും നല്‍കും.
നിയമനങ്ങള്‍
•കെ ഗോപാലകൃഷ്ണന്‍ സര്‍വ്വെ ലാന്റ് റെക്കോര്‍ഡ് ഡയറക്ടര്‍
•ജോഷി മൃണ്മയി ശശാങ്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി
•നരസിംഹുഗാരി ടി. എല്‍. റെഡ്ഡി തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറി
•ആര്‍ടി ദേവകുമാര്‍ തിരുവനന്തപുരം ജില്ല ഗവ.പ്ലീഡര്‍