മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് 2,052 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്താണ്. ജില്ലയില്‍ ഇതുവരെ 1,260 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
1,259 പേര്‍ ബുധനാഴ്ച രോഗമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിന് ശേഷം ജില്ലയില്‍ കൊവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,31,114 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,992 പേര്‍ നേരത്തെ രോഗബാധയുള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 31 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 22 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 39,236 പേരാണ് ജില്ലയില്‍ ഇപ്പോള്‍ കോവിഡ് ബാധിതരായി നിരീക്ഷണത്തില്‍ കഴിയുന്നത്. 15,266 പേരാണ് ചികിത്സയിലുള്ളത്.