മലപ്പുറത്ത് ഭര്‍ത്താവിനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ കേസ്: ഭാര്യയെ തെളിവെടുപ്പിന് എത്തിച്ചു

മലപ്പുറം: മുണ്ടുപറമ്പില്‍ ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി സുബൈദയെ തെളിവെടുപ്പിന് എത്തിച്ചു. ഇന്ന് രാവിലെയായിരുന്നു സുബൈദയെ അറസ്റ്റ് ചെയ്തത്. കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശിയും മലബാര്‍ ലൈറ്റ് ആന്റ് സൗണ്ട്‌സ് ഉടമയുമായ പോത്തഞ്ചേരി ബഷീര്‍ (52) ആണ് കൊല്ലപ്പെട്ടത്.

കുടുംബവഴക്കിനെ തുടര്‍ന്നാണ് ആസിഡ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ഇരുപതാം തീയതി അര്‍ധരാത്രിയായിരുന്നു സംഭവം നടന്നത്. മലപ്പുറം മുണ്ടുപറമ്പിലെ വാടക വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെയാണ് ബഷീറിന്റെ ശരീരത്തിലേക്ക് ആസിഡ് ഒഴിച്ചത്.

കടുത്ത ചൂട് കാരണം വീടിന്റെ ജനല്‍വാതില്‍ തുറന്നിട്ടായിരുന്നു കിടന്നുറങ്ങിയിരുന്നത്. മുഖവും നെഞ്ചും ഉള്‍പ്പെടെ ശരീരത്തില്‍ 45 ശതമാനത്തിലധികം പൊള്ളലേറ്റ ബഷീറിനെ ഉടന്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

അക്രമം നടക്കുമ്പോള്‍ ബഷീറും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചോദ്യം ചെയ്യലില്‍ സുബൈദ കുറ്റം സമ്മതിച്ചു. മലപ്പുറത്ത് മലബാര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനം നടത്തി വരികയായിരുന്നു ബഷീര്‍. ഇവര്‍ക്ക് ഷഹന, മുഹമ്മദ് ആസിഫലി, ഫാത്തിമ സഫ എന്നീ മൂന്ന് മക്കളുണ്ട്.

Top