16 നിയമസഭ മണ്ഡലങ്ങളുള്ള മലപ്പുറത്ത് ഇത്തവണ നടക്കാന്‍ പോകുന്നത് തീ പാറുന്ന മത്സരമായിരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിനെയും കോണ്‍ഗ്രസ്സിനെയും വിറപ്പിച്ചാണ് ഇടതുപക്ഷം ജില്ലയില്‍ മുന്നേറ്റം നടത്തിയിരുന്നത്. ലീഗിന്റെ കോട്ടയായ താനൂരിലും കോണ്‍ഗ്രസ്സിന്റെ കോട്ടയായ നിലമ്പൂരിലും അട്ടിമറി വിജയം തന്നെയാണ് ഇടതുപക്ഷം നേടിയത്. തവനൂരും പൊന്നാനിയും നില നിര്‍ത്താനും ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു.
യുഡിഎഫ് വിജയിച്ച 12 മണ്ഡലങ്ങളില്‍ 11 ഉം മുസ്ലീം ലീഗിന്റെയാണ്. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. 2011ലെ തെരഞ്ഞെടുപ്പില്‍ 30,208 വോട്ടുകള്‍ക്ക് വിജയിച്ച തിരൂരങ്ങാടിയില്‍ 2016-ല്‍ 6,043 വോട്ടുകള്‍ളുടെ ഭൂരിപക്ഷം മാത്രമാണ് ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുറബിന് ലഭിച്ചിരുന്നത്. ഇതിലും ദയനീയമായിരുന്നു പെരിന്തല്‍മണ്ണയിലെ സ്ഥിതി. കേവലം 579 വോട്ടുകള്‍ മാത്രമായിരുന്നു മഞ്ഞളാംകുഴി അലിയുടെ ഭൂരിപക്ഷം. തിരൂരില്‍ 2011-ല്‍ 23,566 വോട്ടിന് വിജയിച്ചപ്പോള്‍ 2016ല്‍ ഭൂരിപക്ഷം 7061 ആയി കുത്തനെ കുറയുകയാണുണ്ടായത്.
മങ്കടയില്‍ കാല്‍ ലക്ഷത്തോളം ഭൂരിപക്ഷം ജയിച്ചിടത്ത് കേവലം 1,508 വോട്ടുകള്‍ മാത്രമാണ് ഭൂരിപക്ഷം കിട്ടിയിരുന്നത്. കോട്ടയ്ക്കലിലും 20 ,000ത്തോളം വോട്ടുകളുടെ കുറവാണുണ്ടായിരിക്കുന്നത്. കൊണ്ടോട്ടിയിലും ഭൂരിപക്ഷം പകുതിയായി കുറയുകയുണ്ടായി. മഞ്ചേരിയിലും മലപ്പുറത്തും പതിനായിരത്തോളം വോട്ടിന്റെ കുറവാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടായത്. വള്ളിക്കുന്നിലും 6,000 ത്തോളം വോട്ടിന്റെ കുറവാണുണ്ടായത്.
യുഡിഎഫിന്റെ മാനം കാത്തത് വേങ്ങര ഏറനാട് വണ്ടൂര്‍ മണ്ഡലങ്ങള്‍ മാത്രമാണ്. ഇതില്‍ വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് നില മെച്ചപ്പെടുത്താനും ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. 2011ലേക്കാള്‍ ഇരട്ടിയിലധികം ഭൂരിപക്ഷം നേടിയാണ് 2016-ല്‍ പൊന്നാനിയില്‍ നിന്നും പി ശ്രീരാമകൃഷ്ണനും തവനൂരില്‍ നിന്നും കെടി ജലീലും വിജയം ആവര്‍ത്തിച്ചിരിക്കുന്നത്. ഇത്തവണയും ഇരുവരും മത്സരിക്കുമെന്നാണ് സൂചന.
താനൂരിലും നിലമ്പൂരിലും നിലവിലെ ജനപ്രതിനിധികള്‍ തന്നെ വീണ്ടും മത്സരിക്കും. യുഡിഎഫില്‍ നിന്നും പെരിന്തല്‍മണ്ണ, തിരൂര്‍, തിരൂരങ്ങാടി, മങ്കട മണ്ഡലങ്ങള്‍ കൂടി പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് ഇടതുപക്ഷം പയറ്റുന്നത്. ഇതിനായി താനൂര്‍ നിലമ്പൂര്‍ മോഡലില്‍ സ്വതന്ത്രരെ തന്നെ ഇറക്കാനാണ് സാധ്യത. ലീഗ് വിമതരെയും ഇടതുപക്ഷം പരിഗണിച്ചേക്കും. ഏക കോണ്‍ഗ്രസ്സ് അംഗം പ്രതിനിധീകരിക്കുന്ന വണ്ടൂരില്‍ സിറ്റിംഗ് എംഎല്‍എ അനില്‍കുമാറിനെതിരായ വികാരം വോട്ടാക്കാന്‍ പറ്റുമെന്ന കണക്ക് കൂട്ടലും സിപിഎമ്മിനുണ്ട്. ഇവിടെയും മികച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാണ് ശ്രമം.
അതേസമയം യുഡിഎഫും വ്യക്തമായ കണക്ക് കൂട്ടലോടെയാണ് നീങ്ങുന്നത്. ലോകസഭ തെരഞ്ഞെടുപ്പിലെ മിന്നുന്ന ജയം കണക്കാക്കാതെ തന്നെയാണ് യുഡിഎഫും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. പൊന്നാനി ഒഴികെ ഇടതിന്റെ മറ്റ് മൂന്ന് മണ്ഡലങ്ങളും പിടിച്ചെടുക്കുമെന്നാണ് അവരുടെ അവകാശവാദം. താനൂരിനെ ലീഗും നിലമ്പൂരിനെ കോണ്‍ഗ്രസ്സും അഭിമാന പ്രശ്‌നമായാണ് നോക്കി കാണുന്നത്. എന്ത് വില കൊടുത്തും ഈ മണ്ഡലങ്ങള്‍ പിടിച്ചെടുക്കുക എന്നതാണ് പ്രധാന അജണ്ട.
കെടി ജലീലിനെ ഇത്തവണ വീഴ്ത്താന്‍ തവനൂര്‍ മണ്ഡലം കൈമാറണമെന്ന ആവശ്യവും ലീഗ് കോണ്‍ഗ്രസ്സിന് മുന്നില്‍ അവതരിപ്പിക്കും. കോണ്‍ഗ്രസ്സ് മത്സരിക്കുന്ന പൊന്നാനിയിലും ലീഗിന് നോട്ടമുണ്ടെങ്കിലും വിജയസാധ്യത ഇല്ലാത്തതിനാല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടന്ന നിലപാടിലാണ് നേതൃത്വം. സ്പീക്കര്‍ ശ്രീരാമകൃഷ്ണനല്ല സ്ഥാനാര്‍ത്ഥിയെങ്കില്‍ ഇവിടെയും ഒരു കൈ നോക്കാമെന്നതാണ് ലീഗിലെ പൊതുവികാരം. രാജ്യത്തെ മികച്ച സ്പീക്കര്‍ക്കുള്ള പുരസ്‌ക്കാരം ഇത്തവണ നേടിയത് ശ്രീരാമകൃഷ്ണനാണ്. രണ്ടു തവണ പൊന്നാനിയെ പ്രതിനിധീകരിച്ച ശ്രീരാമകൃഷ്ണന്‍ കഴിഞ്ഞ തവണ 15,640 വോട്ടുകള്‍ക്കാണ് വിജയിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ജനസമ്മതി തന്നെയാണ് ലീഗിനെ പിറകോട്ടടിപ്പിക്കുന്നത്. കോണ്‍ഗ്രസ്സും പൊന്നാനിയുടെ കാര്യത്തില്‍ ഇപ്പോള്‍ വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നില്ല.
ഇത്തവണ ജില്ലയില്‍ കൂടുതല്‍ മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി മലപ്പുറത്തെ ചുവപ്പിക്കാനാണ് സിപിഎമ്മിന്റെ നീക്കം. ഈ അപകടം തിരിച്ചറിഞ്ഞ് തന്നെയാണ് എസ്ഡിപിഐ വെല്‍ഫയര്‍ പാര്‍ട്ടി എന്നിവയുമായി സഖ്യമുണ്ടാക്കാന്‍ ലീഗും അണിയറയില്‍ ചരടുവലികള്‍ നടത്തുന്നത്. ലോകസഭ തെരഞ്ഞെടുപ്പ് ഫലം മാറ്റി വച്ചാല്‍ കഴിഞ്ഞ കുറച്ച് കാലമായി ലീഗിനെ സംബന്ധിച്ച് മലപ്പുറത്ത് തിരിച്ചടിയുടെ കാലമാണ്.
2011-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 16-ല്‍ 14 സീറ്റും ജയിച്ച യുഡിഎഫിന് 10,27,629 വോട്ടും രണ്ട് സീറ്റുകളില്‍ മാത്രം ജയിച്ച ഇടതുപക്ഷത്തിന് 6,57,683 വോട്ടുമാണ് ഉണ്ടായിരുന്നത്. ഇരുമുന്നണികളുമായി 3,69,946 വോട്ടിന്റെ വ്യത്യാസമാണ് അന്നുണ്ടായത്. എന്നാല്‍ 2015-ല്‍ 12 സീറ്റ് ജയിച്ച യുഡിഎഫ് 10,82,429 വോട്ടു നേടിയപ്പോള്‍ നാലിടത്ത് മാത്രം ജയിച്ച ഇടതുപക്ഷത്തിന് 9,47,956 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞിരുന്നു. 1,34,473 വോട്ടായിരുന്നു വ്യത്യാസം. 2011-നേക്കാള്‍ ഇടതുപക്ഷത്തിന് 2,90,273 വോട്ടുകളാണ് അധികം ലഭിച്ചിരുന്നത്. തുടര്‍ന്ന് നടന്ന മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് വോട്ട് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. 1,01,303 വോട്ടുകളാണ് വര്‍ധിച്ചിരുന്നത്. 2014-ല്‍ 2,42,984 വോട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ സൈനബക്ക് ലഭിച്ചിരുന്നത്. ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. എംബി ഫൈസലിന് 3,44,307 വോട്ടുകളാണ് നേടാനായത്. എസ്ഡിപിഐ വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവ നേടിയ എഴുപതിനായിരത്തോളം വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചപ്പോഴാണിതെന്നതും ശ്രദ്ധേയമാണ്. ഈ കണക്കുകള്‍ തന്നെയാണ് ഇപ്പോള്‍ ലീഗിന്റെ ഉറക്കവും കെടുത്തുന്നത്.
2019-ലെ ലോകസഭ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ സാഹചര്യവും ലീഗിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ലോകസഭ തെരഞ്ഞെടുപ്പില്‍ ലീഗിനെ തുണച്ച മുസ്ലീം ന്യൂനപക്ഷങ്ങളില്‍ നല്ലൊരു വിഭാഗവും പൗരത്വ നിയമ ദേദഗതി വിഷയത്തില്‍ ഇടതുപക്ഷത്തോടാണ് കൈകോര്‍ത്തിരിക്കുന്നത്. മനുഷ്യ ശൃംഖലയില്‍ പരസ്യമായി സമസ്ത ഉള്‍പ്പെടെ പങ്കാളിയായതും ലീഗിന് കനത്ത തിരിച്ചടിയായിരുന്നു. സംഘപരിവാര്‍ രാഷ്ട്രീയത്തോട് ശക്തമായി ഏറ്റുമുട്ടാന്‍ ഇടതുപക്ഷം തന്നെ വേണമെന്ന പൊതുബോധമാണ് സിപിഎം ഇപ്പോള്‍ മലപ്പുറത്തും സൃഷ്ടിച്ചിരിക്കുന്നത്. ഇതു തന്നെയാണ് ലീഗിന്റെയും ഉറക്കം കെടുത്തുന്നത്.