മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് വീണ്ടും തുറക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ്

കോഴിക്കോട്: അടച്ചുപൂട്ടിയ മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു. രാജ്യത്തെ ഏറ്റവും തിരക്കേറിയ പാസ്പോര്‍ട്ട് ഓഫീസുകളിലൊന്നായ മലപ്പുറത്തെ പാസ്പോര്‍ട്ട് ഓഫീസ് കോഴിക്കോട്ടെ പാസ്പോര്‍ട്ട് ഓഫീസുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് അടച്ചുപൂട്ടിയത്. നവംബര്‍ പതിനേഴോട് കൂടിയാണ് ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

ഇതോടെ മലപ്പുറം ജില്ലയിലെ ആയിരക്കണക്കിന് പ്രവാസികളും ഉദ്യോഗാര്‍ത്ഥികളും ദുരിതത്തിന്റെ വക്കിലായി. പുതിയ പാസ്പോര്‍ട്ടിനും, പഴയത് പുതുക്കുന്നതിനുമായി നിരവധി പേരാണ് ദിവസവും മലപ്പുറം മേഖലാ പാസ്പോര്‍ട്ട് ഓഫീസില്‍ എത്താറുള്ളത്. ഓഫീസ് അടച്ചുപൂട്ടുന്നതോടെ കോഴിക്കോട് ഓഫീസിന്റെ തിരക്ക് വര്‍ധിക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്. മലപ്പുറം ജില്ലക്കാരും വയനാട്ടിലെ കുറച്ചു ഭാഗത്തെയും ആളുകളും മലപ്പുറം കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്.

2006 ആഗസ്ത് 26നാണ് ഈ ഓഫീസ് സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് മലപ്പുറം പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് 1,93,451 പേരാണ് പാസ്പോര്‍ട്ടിന് അപേക്ഷിച്ചത്. അനുബന്ധ സേവനങ്ങളുടെ എണ്ണമാവട്ടെ 2,04,651 ഉം ആയിരുന്നു.

Top