Malappuram re-election

മലപ്പുറം: കേരളം ഉറ്റുനോക്കുന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടിയും സംവിധായകൻ കമലും ഏറ്റുമുട്ടുമോ ?

കുഞ്ഞാലിക്കുട്ടിയായിരിക്കും യു ഡി എഫ് സ്ഥാനാർത്ഥിയെന്ന സൂചനയാണ് ഇപ്പോൾ ലീഗ് നേതൃത്വത്തിൽ നിന്നും പുറത്ത് വരുന്നത്.

എന്നാൽ കുഞ്ഞാലിക്കുട്ടി മത്സരിക്കുമ്പോൾ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടി വരുമെന്നത് വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കുമെന്നതിനാൽ അത് വേണോ എന്ന അഭിപ്രായവും ലീഗിലെ ഒരു വിഭാഗത്തിനുണ്ട്. എന്നാൽ ലീഗിലെ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനം വച്ചു നോക്കുമ്പോൾ അദ്ദേഹം മനസ്സിൽ വിചാരിക്കുന്നത് നടക്കാൻ തന്നെയാണ് സാധ്യത.

മത്സരിക്കാൻ റെഡിയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതിനാൽ പറ്റിയ ഒരു എതിരാളിയെ തിരഞ്ഞാണ് സി പി എം ഇപ്പോൾ തിരക്കിട്ട കൂടിയാലോചന ആരംഭിച്ചിരിക്കുന്നത്. മുൻ എം പി ടി കെ ഹംസ,ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി പി സാനു തുടങ്ങി സാക്ഷാൽ സംവിധായകൻ കമൽ വരെയുണ്ട് പരിഗണനയിൽ.

റിയാസിന്റെ കാര്യത്തിൽ രാജ്യസഭയിലേക്ക് സി പി എം പരിഗണിക്കുമെന്ന കാര്യം ഉറപ്പായതിനാൽ മലപ്പുറത്ത് പരിഗണിക്കാൻ സാധ്യത കുറവാണെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടായിരിക്കും നിർണ്ണായകമാവുക.

ദേശീയഗാന വിവാദത്തിൽ സംഘപരിവാറിന്റെ രൂക്ഷമായ എതിർപ്പിന് കാരണക്കാരനായ സംവിധായകൻ കമലിനെ മലപ്പുറം പോലെ ന്യൂനപക്ഷങ്ങൾക്ക് മൃഗീയ മേധാവിത്വമുള്ള സ്ഥലത്ത് മത്സരിപ്പിച്ചാൽ ഉശിരൻ പോരാട്ടം നടത്താൻ കഴിയുമെന്ന ആത്മവിശ്വാസം സി പി എം സംസ്ഥാന നേതൃത്വത്തിനുണ്ട്.

സി പി എം ജില്ലാ നേതൃത്വത്തിൽ മുൻപ് മണ്ഡലത്തിൽ അട്ടിമറി വിജയം നേടിയ ടി കെ ഹംസയെ മത്സരിപ്പിക്കണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. പ്രായം ഘടകമാവുകയാണെങ്കിൽ പക്ഷേ ഹംസയെ പരിഗണിക്കില്ല.

ഇ.അഹമ്മദ് കഴിഞ്ഞ തവണ 1,94, 739 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിൽ അട്ടിമറി വിജയം നേടാൻ കഴിഞ്ഞില്ലങ്കിൽ പോലും വോട്ട് ശതമാനത്തിൽ വർദ്ധനയുണ്ടാക്കാനായില്ലങ്കിൽ അത് സർക്കാറിനെതിരായ ജനവികാരമായി ചൂണ്ടി കാണിക്കപ്പെടും.

പിണറായി അധികാരമേറ്റ് ആദ്യമായി നടക്കുന്ന ഉപതിരഞ്ഞെട്ടപ്പായതിനാൽ കനത്ത തോൽവി സർക്കാറിനെ സംബന്ധിച്ച് തലവേദന തന്നെയാണ്. അതിനാൽ മണ്ഡലത്തിൽ മികച്ച സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കണമെന്ന അഭിപ്രായത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

സ്ത്രീ പീഡനം മുതൽ സർക്കാറിനെതിരെ ഉപയോഗിക്കാൻ ഒരു പാട് ആയുധങ്ങൾ യു ഡി എഫിന്റെ പക്കലുണ്ട്.

എന്നാൽ സംഘപരിവാറിനെതിരെ ശക്തമായ നിലപാടെടുത്തതിന്റെ പേരിൽ വേട്ടയാടപ്പെട്ട കമൽ തന്നെ സ്ഥാനാർത്ഥിയാകുകയും ആർ എസ് എസ് നേതാവ് തലക്ക് വിലയിട്ട മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽ നിന്ന് പ്രചരണം നയിക്കുകയും ചെയ്താൽ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് വിധി പ്രവചനാതീതമാക്കാമെന്ന ആത്മവിശ്വാസം മുതിർന്ന സി പി എം നേതാക്കൾക്കിടയിലുണ്ട്.

ഉടനെ തന്നെ ചേരുന്ന സി പി എം സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥി സംബന്ധിച്ച ധാരണയുണ്ടാക്കി കേന്ദ്ര നേത്യത്വത്തിന്റെ അനുമതിയോടെ സ്ഥാനാർത്ഥിയെ സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കും.

അടുത്ത മാസം 12നാണ് ഉപതിരഞ്ഞെട്ടപ്പ്.17ന് വോട്ടെണ്ണും ഈ മാസം 23നാണ് നാമനിർദ്ദേശ പത്രിക നൽകാനുള്ള സമയപരിധി അവസാനിക്കുന്നത്.

Top