തിരുവനന്തപുരം: മലപ്പുറം എസ്പി ദേബേഷ്‌കുമാര്‍ ബെഹ്‌റയെ തെറിപ്പിച്ചത് മുസ്ലീംലീഗ്.
രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതിരിക്കുന്ന എസ്പിയെ നിലനിര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ലെന്ന മലപ്പുറം ജില്ലാ ലീഗ് നേതൃത്വത്തിന്റെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് സ്ഥാനചലനം.
പകരം പുതിയ എസ്പിയുടെ പേര് നിര്‍ദ്ദേശിച്ചതും മുസ്ലീംലിഗ് നേതൃത്വം തന്നെയാണെന്നാണ് സൂചന. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വഴി ലീഗ് നേതൃത്വം നല്‍കിയ നിര്‍ദ്ദേശം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അംഗീകരിക്കുകയായിരുന്നു.
മുസ്ലീംലീഗിന്റെ താല്‍പര്യപ്രകാരം നിയമനം നടത്താന്‍ മുഖ്യമന്ത്രിയും പച്ചക്കൊടി കാണിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കഴിഞ്ഞ നാലരവര്‍ഷത്തിനിടയില്‍ നാല് എസ്പി മാരെയാണ് മാറ്റി നിയമിച്ചത്.
ഇടത് സര്‍ക്കാര്‍ നിയമിച്ച സേതുരാമനെ മാറ്റി ആദ്യം മഞ്ജുനാഥിനെയും പിന്നീട് പുട്ട വിമലാദിത്യയെയുമാണ് മലപ്പുറത്ത് നിയമിച്ചിരുന്നത്.
രണ്ട് യുവ ഐപിഎസുകാരും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് പ്രമോട്ടി എസ്പിയായ ശശികുമാറിനെ ഇടക്കാലത്ത് നിയമിച്ചെങ്കിലും ‘വിട്ടുവീഴ്ച’ എല്ലാക്കാര്യത്തിലും ഉണ്ടായതിനെ തുടര്‍ന്ന് ആഭ്യന്തരവകുപ്പിന് തന്നെ ഇദ്ദേഹത്തിനെ മാറ്റി പ്രതിഷ്ഠിക്കേണ്ടി വന്നു.
ഇതിനു ശേഷമാണ് ദേബേഷ്‌കുമാര്‍ ബെഹ്‌റയെ മലപ്പുറം എസ്പിയായി നിയമിച്ചത്.
ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഒരു എസ്പിയെ പോലും സര്‍ക്കാര്‍ ഇരുത്തിപൊറുപ്പിച്ചിട്ടില്ല. പുട്ട വിമലാദിത്യ മൂന്ന് മാസം തീരുന്നതിന് മുമ്പാണ് തെറിച്ചത്. മഞ്ജുനാഥായാലും ബെഹ്‌റയായാലും വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ പുറത്താക്കപ്പെടുകയും ചെയ്തു.
ക്രമസമാധാന ചുമതലയിലുള്ള ഉദ്യോഗസ്ഥരെ ചുരുങ്ങിയത് രണ്ട് വര്‍ഷം കഴിയാതെ മാറ്റരുതെന്ന സുപ്രീംകോടതി നിര്‍ദ്ദേശം പോലും അട്ടിമറിച്ചാണ് പുതുവത്സര സമ്മാനമായി ദേബേഷ്‌കുമാര്‍ ഐപിഎസിനെ ഇപ്പോള്‍ തെറിപ്പിച്ചിരിക്കുന്നത്.
ഇദ്ദേഹത്തെ അപ്രധാനമായ തസ്തികയിലേക്ക് മാറ്റാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്നീട് പാലക്കാട്ട് നിയമനം നല്‍കുകയായിരുന്നു.
മാവോയിസ്റ്റ് ഭീഷണി കൂടുതലായ പാലക്കാട് യുവ ഐപിഎസ് ഓഫീസറെ നിയമിക്കണമെന്ന് ഇന്റലിജന്‍സ് വിഭാഗവും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
മലപ്പുറത്തും ഇതേ ആവശ്യമാണ് ഡിപ്പാര്‍ട്ട്‌മെന്റിന് ഉണ്ടായിരുന്നതെങ്കിലും പ്രമോട്ടി എസ്പി മതിയെന്ന് ലീഗ് നയം വ്യക്തമാക്കിയതോടെ കാര്യങ്ങള്‍ ലീഗിന്റെ വഴിക്കായി മാറുകയാണുണ്ടായത്.
മഞ്ജുനാഥിനും പുട്ട വിമലാദിത്യക്കും ബെഹ്‌റക്കും പുറമേ നേരത്തെ പത്തനംതിട്ട എസ്പിയായിരുന്ന ഡോ. ശ്രീനിവാസ്, വയനാട് എസ്പിയായിരുന്ന അജിതാ ബീഗം, പാലക്കാട് എസ്പിയായിരുന്ന രാജ്പാല്‍ മീണ തുടങ്ങിയ നിരവധി യുവ ഐപിഎസുകാരെ നിയമനം നല്‍കി മാസങ്ങള്‍ക്കുള്ളില്‍ തന്നെ സര്‍ക്കാര്‍ തെറിപ്പിച്ചിരുന്നു.
ഏറ്റവും കൂടുതല്‍ സ്ഥാനചലത്തിന് വിധേയനായത് ഇപ്പോള്‍ കാസര്‍കോഡ് എസ്പിയായ ഡോ.ശ്രീനിവാസാണ്.