മലപ്പുറം: മദ്യപിച്ചുള്ള പുതുവത്സരാഘോഷവും തമ്മിലടിയും കൊലപാതകവും വരെയാണ് മുമ്പ് മലപ്പുറത്തിന്റെ ഉറക്കം കെടുത്തിയത്. റോഡരുകിലും പൊതു സ്ഥലങ്ങളിലും മദ്യപിക്കാനും അഴിഞ്ഞാടാനുള്ള അവസരമായി പലരും പുതുവത്സരാഘോഷത്തെ കണ്ടിരുന്നു. പോലീസാവട്ടെ അതിരുവിട്ട ആഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നുമില്ല. ബൈക്ക് സ്റ്റണ്ടും ഗാനമേളയും കള്ളുകുടി നൃത്തങ്ങളുമായി അഴിഞ്ഞാട്ടം അറുതിയില്ലാതെ തുടരുകയും ചെയ്തു.
പെരിന്തല്‍മണ്ണയില്‍ പുതുവത്സരാഘോഷത്തിനിടെ മദ്യപിച്ച് യുവാക്കള്‍ തമ്മിലടിച്ച് ഒരാള്‍ കൊല്ലപ്പെട്ട സംഭവം വരെ അരങ്ങേറിയിട്ടും ജില്ലയിലെ പുതുവത്സരത്തിലെ മദ്യാഘോഷത്തിന് അറുതിവരുത്തിയിരുന്നില്ല. ഒടുവില്‍ മലയാളിയല്ലാത്ത ജില്ലാ പോലീസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്‌റയാണ് പുതുവത്സരത്തിന്റെ പേരിലുള്ള പേക്കൂത്തിന് അറുതിവരുത്തിയത്. പുതുവത്സരതലേന്ന് രാത്രി 10 മണിവരെ മാത്രമേ റോഡില്‍ ആള്‍ക്കൂട്ടം പാടുള്ളൂവെന്ന് പോലീസ് മുന്നറിയിപ്പു നല്‍കി. തട്ടുകളടക്കമുള്ള കടകളും പത്തിന് അടയ്ക്കാന്‍ നോട്ടീസ് നല്‍കി.
റോഡുവക്കിലെയും പൊതുസ്ഥലങ്ങളിലെയും മദ്യസല്‍ക്കാരവും ആഘോഷവും അനുവദിച്ചില്ല. ഇവ നിരീക്ഷിക്കാനായി പോലീസ് സംഘങ്ങള്‍ പുലരും വരെ ഗ്രാമറോഡുകളില്‍ വരെ പട്രോളിങ് നടത്തി. ഇതോടെ മദ്യപിച്ച് പുതുവത്സരം ആഘോഷിക്കാന്‍ തീരുമാനിച്ചവര്‍ പിന്‍വലിയുകയായിരുന്നു. കാര്യമായ ക്രമസമാധാന പ്രശ്‌നങ്ങളും റോഡപകടങ്ങളും ജില്ലയില്‍ ഉണ്ടായില്ല. വീടുകളിലേക്ക് പടക്കംപൊട്ടിച്ചെറിയലും പൊതുമുതലുകള്‍ നശിപ്പിക്കലടക്കമുള്ള കലാപരിപാടികളും നടന്നില്ല. സമാധാനത്തോടെയും സ്വസ്ഥതയോടെയും പുതുവത്സരം ആഘോഷിക്കാന്‍ അവസരം ഒരുക്കിയതിന് ജില്ലയിലെ ജനങ്ങള്‍ ഇപ്പോള്‍ എസ്.പി ദേബേഷ്‌കുമാര്‍ ബെഹ്‌റയെ അഭിനന്ദിക്കുകയാണ്.
നേരത്തെ ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ ഹെല്‍മെറ്റില്ലാത്തവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് എസ്.പി പമ്പുടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ആദ്യം പലരും എതിര്‍ത്തെങ്കിലും ഇരുചക്രവാഹനയാത്രക്കാരുടെ സുരക്ഷകരുതിയുള്ള നടപടിയാണെന്ന വിശദീകരണവുമായി എസ്.പി എത്തിയതോടെ പിന്തുണ ഏറി. ഫൈനടച്ചാലും വേണ്ടില്ല ഹെല്‍മെറ്റിടില്ലെന്ന് വാശിപിടിച്ച് മലപ്പുറത്തുകാരെ ഹെല്‍മെറ്റ് ധരിപ്പിക്കാനും എസ്.പിയുടെ നടപടികൊണ്ട് കഴിഞ്ഞിരുന്നു.