കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറം ജില്ലയില്‍ ഇന്ന് രണ്ടാംഘട്ട പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഇതുവരെ ഒരുകിലോമീറ്റര്‍ പരിധിയിലെ 2436 പക്ഷികളെയാണ് നശിപ്പിച്ചിരിക്കുന്നത്. നടപടികള്‍ രണ്ട് ദിവസം കൂടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം,പക്ഷിപ്പനി സ്ഥിരീകരിച്ച പരപ്പനങ്ങാടി പാലത്തിങ്ങലില്‍ രോഗം വ്യാപിക്കാതിരിക്കാനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 15 ദിവസം കൂടുമ്പോള്‍ ഈ മേഖലയിലെ സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയക്കുന്നുണ്ട്. ഈ പ്രക്രിയ മൂന്ന് മാസം തുടരണമെന്നാണ് നിര്‍ദേശം. കൊന്നൊടുക്കിയ പക്ഷികളില്‍ രണ്ട് മാസം വരെ പ്രായമായ കോഴിക്ക് 100 രൂപയും രണ്ടില്‍ കൂടുതല്‍ മാസം പ്രായമുള്ളവയ്ക്ക് 200 രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്.
മാര്‍ച്ച് 31ന് മുന്‍പ് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുമ്പോഴും പതിനായിരം രൂപ വരെ വിലമതിക്കുന്ന അലങ്കാരപക്ഷികള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുമോ എന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്. രോഗവിമുക്തമാകുന്നതുവരെ ഇവിടേയ്ക്ക് പക്ഷികളെ കൊണ്ടുവരാനോ കൊണ്ടുപോകാനോ പാടില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.