രണ്ട് കോഴിക്ക് നൂറ് രൂപ; ലോക്ക് ഡൗണ്‍ സമയത്ത് ആളെ കൂട്ടിയതിന് ഫാമുടമ പിടിയില്‍

മലപ്പുറം: ലോക്ക് ഡൗണിനെ തുടര്‍ന്ന് കോഴിത്തീറ്റ കിട്ടാതായതോടെ കിട്ടുന്ന വിലയ്ക്ക് കോഴി വിറ്റുതീര്‍ക്കാന്‍ രണ്ട് കോഴിക്ക് നൂറ് രൂപയെന്ന് പ്രചരിപ്പിച്ചു. ലാഭത്തില്‍ കിട്ടുമെന്ന് കേട്ടതോടെ ആളുകള്‍ തടിച്ചുകൂടി. ഇതോടെ ആളുകള്‍ കൂട്ടംകൂടാന്‍ ഇടവരുത്തിയതിന് ഫാം ഉടമ പൊലീസ് പിടിയിലായി.

പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലെ ഒരു കോഴിക്കര്‍ഷകനാണ് നൂറു രൂപയ്ക്ക് രണ്ട് കോഴികളെ വില്‍ക്കുന്നതായി വാട്‌സ്ആപ്പ് വഴി പ്രചാരണം നടത്തിയത്.സന്ദേശംലഭിച്ചതോടെ കഴിഞ്ഞ രാത്രി മുതല്‍ ഉപ്പുവള്ളിയിലെ ഫാമില്‍ തിരക്കായിരുന്നു. ഇന്നലെ ബൈക്കുകളിലെത്തി കോഴിക്കായി ജനം വരി നിന്നു. വിവരമറിഞ്ഞ് പൊലീസെത്തിയതോടെ കോഴി വാങ്ങാനെത്തിയവര്‍ ഓടി രക്ഷപ്പെട്ടു.

കൊറോണ വൈറസ് വ്യാപനമുണ്ടാവുന്ന തരത്തില്‍ കോഴിവില്‍പന നടത്തിയതിനാണ് ഫാമുടമയെ പൊലീസ് പിടികൂടിയത്. പിന്നീട് ഇയാളെ കേസെടുത്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു.

Top