മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരായി ഇടത് മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തതിന്റെ പേരില്‍ മുസ്ലീം ലീഗില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനെതിരെ പ്രതികരണവുമായി മുസ്ലീം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീര്‍ രംഗത്ത്.
മനുഷ്യശൃംഖലയില്‍ പങ്കെടുത്തതില്‍ ഒരു തെറ്റുമില്ലെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ ഇനിയും പങ്കെടുക്കും ഒരടി പിന്നോട്ടില്ലെന്നും ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും യോജിക്കേണ്ടിവരുമെന്നും ബഷീര്‍ പ്രതികരിച്ചു.
പാര്‍ട്ടി തീരുമാനം ലംഘിച്ച ലീഗ് അണികള്‍ക്കെതിരെ ക്ഷമിക്കാനാകില്ലെന്ന സന്ദേശവുമായി മുസ്ലീം ലീഗ് മുന്നോട്ട് പോകുന്നതിനിടെയാണ് കെഎം ബഷീര്‍ നിലപാട് വ്യക്തമാക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
സിപിഎം എന്ന് മാത്രമല്ല മുസ്ലീം ജനപക്ഷത്ത് നില്‍ക്കുന്ന ഏത് സമരത്തിനും പിന്തുണ നല്‍കുമെന്ന് കെഎം ബഷീര്‍ പറഞ്ഞു.
പാര്‍ട്ടി നടപടിയെക്കുറിച്ചു ഇതുവരെ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും മുസ്ലീംലീഗുകാരന്‍ തന്നെയായി തുടരുമെന്നും ബഷീര്‍ തുറന്നടിച്ചു.