മലപ്പുറം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബല്‍ എം.പി.
കേരളത്തിന്റെ ഗവര്‍ണര്‍ ദൈവത്തിനും മുകളിലാണെന്നു സ്വയം ധരിക്കരുതെന്നും രാജ്യത്തെ നിയമം ഗവര്‍ണര്‍ക്കും ബാധകമാണെന്നും കാബിനറ്റ് തീരുമാനം അനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം പട്ടിക്കാട് ജാമിയ നൂരിയ്യ അറബിക് കോളേജ് വാര്‍ഷിക ബിരുദദാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവര്‍ണ്ണര്‍ നിയമത്തിനതീതമല്ല. ഗവര്‍ണ്ണര്‍ ഭരണഘടന ഒരാവര്‍ത്തികൂടി വായിക്കണമെന്ന് പറഞ്ഞ് കപില്‍ സിബല്‍ ഗവര്‍ണറെ സംവാദത്തിന് ക്ഷണിച്ചു. ഭരണഘടന വായിക്കുകയാണങ്കില്‍ ഇക്കാര്യം മനസിലാകുമെന്നുംസംവാദത്തില്‍ ഭരണഘടന സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ തനിക്ക് പറഞ്ഞുകൊടുക്കാനാകുമെന്നും കബില്‍ സിബല്‍ വ്യക്തമാക്കി.
ഭരണ നിര്‍വഹണപരമായ കാര്യങ്ങളില്‍ ഗവര്‍ണര്‍ക്ക് ഒരു പങ്കും വഹിക്കാനില്ല. യൂണിവേഴ്‌സിറ്റികളെയും മാധ്യമങ്ങളെയും നിശബ്ദമാക്കിയ ഹിറ്റ്‌ലറുടെ അജണ്ടയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അത്തരം യൂണിവേഴ്‌സിറ്റികളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ മോദി അനുകൂല മാധ്യമങ്ങള്‍ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.