മലപ്പുറം: തിരൂരില്‍ ഒമ്പത് വര്‍ഷത്തിനിടെ ദമ്പതികളുടെ ആറ് കുട്ടികള്‍ തുടര്‍ച്ചയായി മരിച്ചതിലെ ദുരൂഹത നീങ്ങുന്നു. കുട്ടികള്‍ക്ക് ജനിതകപ്രശ്‌നങ്ങളെന്ന് ആദ്യം ചികിത്സിച്ച ഡോ.നൗഷാദ് പറഞ്ഞു. ജനിതക പ്രശ്‌നങ്ങള്‍മൂലം പ്രതിരോധശേഷി കുറഞ്ഞ ‘സിഡ്‌സ്’ അവസ്ഥയാണ് കുട്ടികള്‍ക്ക് ഉണ്ടായിരുന്നതെന്നും ഇതേ തുടര്‍ന്ന് ഇവരെ വിദഗ്ധചികിത്സയ്ക്ക് അയച്ചതെന്നും ഡോക്ടര്‍ പറഞ്ഞു.
അതേസമയം, ആറു കുട്ടികളും മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഇന്നലെ മരിച്ച മൂന്നുമാസം പ്രായമായ കുട്ടിയുടെ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. പ്രാഥമിക പരിശോധനകളില്‍ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തലെങ്കിലും സംശയ നിവാരണത്തിനായി പഴുതുകള്‍ അടച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്.
ശരീരത്തില്‍ മുറിവേറ്റതിന്റേയോ, ക്ഷതമേറ്റതിന്റേയോ ലക്ഷണങ്ങളില്ല. വിഷം ഉള്ളില്‍ ചെന്ന ലക്ഷണങ്ങളും കണ്ടെത്താനായില്ല. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്കയച്ചു. കുട്ടികള്‍ മരിച്ചത് ജനിതക പ്രശ്‌നങ്ങള്‍ കാരണമാണെന്ന ബന്ധുക്കളുടെ ഉറപ്പ് ശരിവെയ്ക്കുന്ന തരത്തിലാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട്.
മൂന്നാമത്തെ കുട്ടിയുടെ ആരോഗ്യ റിപ്പോര്‍ട്ടുകളാണ് പരിശോധനയ്ക്കായി എറണാകുളത്തേക്കും പിന്നീട് ഹൈദരാബാദിലേക്കും അയച്ചിരുന്നത്. തിരൂര്‍ ജില്ലാ ആശുപത്രിയിലാണ് ഇന്നലെ മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
തിരൂര്‍ ചെമ്പ റോഡില്‍ തറമ്മല്‍ റഫീഖ് സബ്‌ന ദമ്പതിമാരുടെ 6 മക്കളാണ് മരിച്ചത്. ഏറ്റവുമൊടുവില്‍ ഇന്നലെ പുലര്‍ച്ചെ ദമ്പതികളുടെ ദിവസങ്ങള്‍ മാത്രം പ്രായമായ ആണ്‍കുഞ്ഞും മരിച്ചതോടെയാണ് ദുരൂഹത ഉയര്‍ന്നത്.