malapuram blast-new threat from base movement

മലപ്പുറം: മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ ഉണ്ടായ സ്‌ഫോടനങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് ബേസ് മൂവ്‌മെന്റ് ഭീഷണി. കളക്ടറേറ്റ് വളപ്പില്‍ ഉപേക്ഷിച്ച പെന്‍ഡ്രൈവിലാണ് ഈ മുന്നറിയിപ്പ്.

കൊലത്തും മൈസൂരുവിലും അടുത്തിടെ നടന്ന സ്‌ഫോടനങ്ങള്‍ അടക്കമുള്ളവയുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളാണ് പെന്‍ഡ്രൈവില്‍ ഉള്ളത്. അതില്‍നിന്നാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഒരേസംഘം തന്നെയാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയതെന്ന് ഐജി എം.ആര്‍.അജിത് കുമാര്‍ പറഞ്ഞു.

മലപ്പുറത്ത് നടന്ന സ്‌ഫോടനത്തിന് കൊല്ലം, മൈസൂര്‍ എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങളും പെന്‍ഡ്രൈവിലും ലഘുലേഖകളിലുമുണ്ട്.

അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. ബേസ് മൂവ്‌മെന്റ് എന്ന സംഘടനയാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്ന സൂചനയാണ് സംഭവ സ്ഥലത്തുനിന്ന് ലഭിച്ചത്.

ആളപായം ഉണ്ടാകാത്ത തരത്തിലാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നാണ് നിഗമനം. കൊലത്തെയും എറണാകുളത്തെയും കളക്ടറേറ്റുകളില്‍ നേരത്തെ നടന്ന സ്‌ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും ആസൂത്രകരെ കണ്ടെത്താന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും റേഞ്ച് ഐ.ജി മാധ്യമങ്ങളോട് പറഞ്ഞു.

എന്‍.ഐ.എ സംഘവും സ്‌ഫോടനം നടന്ന മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ എത്തിയിട്ടുണ്ട്. സ്‌ഫോടനം നടന്ന സ്ഥലവും പെന്‍ഡ്രൈവും ലഘുലേഘകളും സംഘം പരിശോധിച്ചു. പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരുമായി എന്‍.ഐ.എ സംഘം ആശയവിനിമയം നടത്തി.

Top