മലപ്പുറം: മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പ്രതിയെക്കുറിച്ചുള്ള സൂചനയുമായി ദൃക്‌സാക്ഷി രംഗത്ത്. കള്ളി ഷര്‍ട്ടിട്ട താടി വെച്ച ഒരാള്‍ ബാഗുമായി പോകുന്നത് കണ്ടതായി ദൃക്‌സാക്ഷി പറയുന്നു.
സ്‌ഫോടനം നടക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് ഇയാളെ കണ്ടത്. സ്‌ഫോടനത്തില്‍ തകര്‍ന്ന കാറിലായിരുന്നു കണ്ടത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന പ്രതിയുടെ രേഖാചിത്രം അന്വേഷണസംഘം ഇന്ന് പുറത്ത് വിടും.
രാവിലെ 9:30ന് മലപ്പുറം കോടതി വളപ്പില്‍ നിര്‍ത്തിയിട്ട ഹോമിയോ ഡിഎംഒ ഡോ. റജിയുടെ ഔദ്യോഗിക വാഹനത്തിന് പുറകില്‍ ഉദ്ദേശം 12 മണിയോടെ താടിവെച്ച് തോളില്‍ ഒരു ബാഗുമായെത്തിയ യുവാവ് സ്‌ഫോടക വസ്തു ഘടിപ്പിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
12.50 ഓടെ കോടതി പരിസരത്ത് നിന്ന് തന്നെ റിമോര്‍ട്ട് വഴി സ്‌ഫോടനം നടത്തുകയും ചെയ്തു. ആസൂത്രണം ചെയ്യുമ്പോള്‍ വന്‍ സ്‌ഫോടനം നടത്തുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാകുന്നു.
അതേസമയം സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം അല്‍ഖ്വയ്ദയുടെ ഇന്ത്യന്‍ പതിപ്പായ അല്‍ഉമ ഏറ്റെടുത്തു.
സ്‌ഫോടനങ്ങള്‍ പ്രതികാരമെന്ന് പെന്‍ഡ്രൈവിലെ വിഡിയോയിലൂടെയാണ് ബേസ് മൂവ്‌മെന്റ് അറിയിച്ചത്.
കൊല്ലം സ്‌ഫോടനം ഇസ്രത് ജഹാന്‍ വധത്തിന്റെ പ്രതികാരമാണ്. മൈസൂര്‍ സ്‌ഫോടനം യാക്കൂബ് മേമന്‍ വധത്തിലുള്ള പ്രതിഷേധവും. ഇസ്രത്, യാക്കൂബ് വധത്തിന്റെ വാര്‍ഷികങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്.