malapuram byelection

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മലപ്പുറത്ത് ഇന്ന് ഇടതുമുന്നണിയോഗം ചേരും. സര്‍ക്കാറിന്റെ പ്രവര്‍ത്തനവും യോഗം വിലയിരുത്തും.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇടതമുന്നണി നേരിടുന്ന ആദ്യ വെല്ലുവിളിയാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം കാഴ്ചവെക്കേണ്ടത് മുന്നണി നേതൃത്വത്തിന്റെ ബാധ്യതയാണ്.

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്ന ആരോപണവും എല്‍ഡിഎഫിന് മുന്നിലുണ്ട്. ശക്തമായ പ്രചാരണത്തിലൂടെ ഇതിനെ നേരിടാനാണ് ഇടതുമുന്നണിയിലെ ആലോചന.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായതോടെ പ്രചാരണം ഉടന്‍ ആരംഭിക്കാനാണ് മുന്നണി നേതൃത്വത്തിന്റെ തീരുമാനം.

ഇന്നത്തെ എല്‍ഡിഎഫ് യോഗം പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കും. പ്രചാരണത്തിന്റെ ചുമതലക്കാരേയും യോഗം നിശ്ചയിക്കും. സര്‍ക്കാറിന്റെ മെല്ലെപ്പോക്കിനെതിരെ കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തില്‍ വിമര്‍ശമുയര്‍ന്നിരുന്നു. വിഷയത്തില്‍ മന്ത്രിമാരോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇതിന്റെ പുരോഗതിയും യോഗം ഇന്ന് ചര്‍ച്ചചെയ്യും.

Top