മലപ്പുറം: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച കണ്ണൂരിനെ കവച്ചുവയ്ക്കുന്ന ആക്രമണമാണ് മലപ്പുറം താനൂരില്‍ ഞായറാഴ്ച രാത്രി അരങ്ങേറിയത്.
സി പി എം-മുസ്ലീം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന താനൂരില്‍ ആവശ്യത്തിന് പൊലീസിനെ നിയോഗിക്കാതിരുന്ന അധികൃതരുടെ നടപടിയാണ് സംഘര്‍ഷം വ്യാപിക്കാന്‍ കാരണമായത്.
ചാപ്പപ്പടി കോര്‍മ്മന്‍ കടപ്പുറത്ത് നടന്ന സംഘട്ടനം വീടുകള്‍ക്ക് നേരെയുള്ള ആക്രമണവും പെട്രോള്‍ബോംബേറും ആയി മാറിയതോടെ വീടുവിട്ട് പാതിരാത്രി ഓടേണ്ട സ്ഥിതിയിലായിരുന്നു കുട്ടികളും സ്ത്രീകളുമടക്കുള്ളവര്‍.
അനവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അക്രമികളെ തുരത്താനായി പൊലീസിന് മൂന്ന് റൗണ്ട് ആകാശത്തേക്ക് വെടിവയ്‌ക്കേണ്ടി വന്നെങ്കിലും സംഘടിച്ചു വന്ന ഒരു വിഭാഗം പിരിഞ്ഞു പോവാന്‍ കൂട്ടാക്കിയില്ല.
തിരൂര്‍,മലപ്പുറം സബ്ഡിവിഷനുകളില്‍ നിന്നും എ.ആര്‍ ക്യാംപില്‍ നിന്നും പൊലീസ് എത്തിയിട്ടും രാത്രി മുഴുവന്‍ ആക്രമികള്‍ അഴിഞ്ഞാടുകയായിരുന്നു.
പൊലീസിനു നേരെയും വ്യാപകമായ ആക്രമണമുണ്ടായി. സംഘര്‍ഷത്തില്‍ നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.ഇതില്‍ സിഐയുടെ നില ഗുരുതരമാണ്.
പൊലീസ് വാഹനങ്ങള്‍ക്കും വ്യാപകമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയം തൊട്ട് സംഘര്‍ഷം രൂക്ഷമായ സ്ഥലമാണ് താനൂര്‍.
മുസ്ലീം ലീഗിന്റെ കുത്തക മണ്ഡലമായിരുന്ന ഇവിടെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി അബ്ദുറഹിമാന്‍ വിജയിച്ചതോടെ
ഇരു വിഭാഗം പ്രവര്‍ത്തകരും പലപ്പോഴും എറ്റുമുട്ടുന്ന സാഹചര്യമുണ്ടായി.
സെന്‍സിറ്റീവ് മേഖലയായ ഇവിടെ ആവശ്യത്തിന് പൊലീസ് ഫോഴ്‌സ് ഇല്ലാതിരുന്നതാണ് ആക്രമണം വ്യാപിക്കാന്‍ കാരണമായിരുന്നത്.
മറ്റ് സ്റ്റേഷനുകളില്‍ നിന്നും കൂടുതല്‍ പൊലീസ് എത്തിയിട്ടു പോലും പിരിഞ്ഞു പോവാതെ ഒരു വിഭാഗം ആക്രമണം തുടരുകയായിരുന്നു.
നിയമസഭായോഗം നടന്നുകൊണ്ടിരിക്കെ നടന്ന ആക്രമണം ഏതെങ്കിലും തരത്തിലുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
അടുത്ത മാസം 12 ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ജില്ലയിലെ തീരദേശ മേഖലയില്‍ വന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.