ഹൈദരാബാദ്: പ്രശസ്ത മലയാള നടി കല്‍പ്പന (51) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് രാവിലെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടതിനെത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഒരു അവാര്‍ഡ് നിശയുമായി ബന്ധപ്പെട്ട് കല്‍പ്പനയടക്കമുളള മലയാളത്തിലെ താരങ്ങള്‍ രണ്ടു ദിവസമായി ഹൈദരാബാദിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം.
അപ്പോളോ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വൈകിട്ടോടെ കേരളത്തില്‍ എത്തിക്കും. അതിനുശേഷമാകും സംസ്‌കാരം സമയം തീരുമാനിക്കുക.
മുന്നൂറിലേറെ സിനിമകളില്‍ കല്‍പ്പന അഭിനയിച്ചിട്ടുണ്ട്. ബാലതാരമായാണ് സിനിമയില്‍ എത്തിയത്. എം.ടിയുടെ മഞ്ഞ്, അരവിന്ദന്റെ പോക്കുവെയില്‍ എന്ന സിനിമകളില്‍ 13 വയസ്സുള്ളപ്പോള്‍ അഭിനയിച്ചു.
തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ അഭിനയത്തിന് 2012ല്‍ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ‘ഞാന്‍ കല്‍പ്പന’ എന്നൊരു മലയാള പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലി എന്ന സിനിമയാണ് റിലീസായ അവസാന ചിത്രം.
നാടക പ്രവര്‍ത്തകരായ വി.പി. നായരുടേയും വിജയലക്ഷ്മിയുടേയും മകളാണ്. 1965 ഒക്ടോബര്‍ അഞ്ചിനാണ് ജനിച്ചത്. ചലച്ചിത്ര സംവിധായകനായ അനിലാണ് ഭര്‍ത്താവ്. ഇരുവരും 2012ല്‍ വിവാഹമോചനം നേടിയിരുന്നു. പ്രമുഖ നടികളായ കലാരഞ്ജിനി, ഉര്‍വശി എന്നിവര്‍ സഹോദരിമാരാണ്. പരേതരായ കമല്‍ റോയി, പ്രിന്‍സ് എന്നിവര്‍ സഹോദരങ്ങളാണ്.