ന്യൂഡല്‍ഹി: രാജ്യസഭാംഗമായി നടന്‍ സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പതിനൊന്ന് മണിക്ക് രാജ്യസഭയിലായിരുന്നു സത്യപ്രതിജ്ഞ.
ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സുരേഷ് ഗോപിയുടെ കുടുംബവും ഡല്‍ഹിയിലെത്തിയിരുന്നു. കലാരംഗത്തെ പ്രതിനിധിയെന്ന നിലയിലാണ് സുരേഷ് ഗോപിയെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മേല്‍സഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തത്. രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത മറ്റു ആറുപേരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
ഇന്ദ്രപ്രസ്ഥത്തിലെ അധികാരത്തിന്റെ ഇടനാഴിയില്‍ ആക്ഷനും കട്ടുമില്ലാതെ ആറുവര്‍ഷം ഇനി സുരേഷ് ഗോപി. മലയാള സിനിമരംഗത്തു നിന്നും ആദ്യമായണൊരാള്‍ രാജ്യസഭയിലെത്തുന്നത്.
ഉപരിസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്ന ആറാം മലയാളി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകനായ സുരേഷ് ഗോപിയെ രാജ്യസഭയിലെത്തിക്കുക വഴി കേരളത്തില്‍ നേട്ടമുണ്ടാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും ലക്ഷ്യമിടുന്നത്.
കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ സുരേഷ് ഗോപിക്ക് നുറുക്കുവീണാല്‍ അതു ചരിത്രമാകും. ഇതുവരെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളില്‍ നിന്ന് ആരെയും മന്ത്രിമാരാക്കിയിട്ടില്ല.
നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വേണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകാമെന്നതിനാല്‍ സുരേഷ് ഗോപി ഉടന്‍ ബിജെപിയില്‍ അംഗത്വമെടുക്കും.