പ്രകൃതി ക്ഷോഭത്തില്‍ ദുരിതത്തിലായ പതിനായിരങ്ങളെ സഹായിക്കാന്‍ തമിഴ് സൂപ്പര്‍ താരം കമല്‍ഹാസന്‍ 25 ലക്ഷവും, യുവതാരങ്ങളായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപയുമാണ് നല്‍കുന്നത്. തുക തിങ്കളാഴ്ച കൈമാറുമെന്ന് മൂവരും വ്യക്തമാക്കി കഴിഞ്ഞു.
ഇതോടെ നമ്മുടെ ‘സ്വന്തം’ സൂപ്പര്‍ താരങ്ങളും അവരുടെ സംഘടന ‘അമ്മ’യും അമ്മയെ തിരുത്താന്‍ ഇറങ്ങിയ ‘വുമണ്‍ കളക്ടീവ് ഇന്‍ സിനിമ’ സംഘടനയും എത്ര രൂപ കളക്ട് ചെയ്ത് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും എന്നറിയാന്‍ കേരളജനത ഉറ്റു നോക്കുകയാണ്.
മമ്മൂട്ടി ദുരിതാശ്വാസ ക്യാമ്പില്‍ പോയത് നല്ല കാര്യം തന്നെ, സഹായ വാഗ്ദാനങ്ങളും പ്രതീക്ഷയ്ക്ക് വക നല്‍കുന്നത് തന്നെയാണ്.
എന്നാല്‍ അതുപോര, ഒരു ദിവസത്തെ അഭിനയത്തിനു പോലും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അനവധി താരങ്ങളാല്‍ സമ്പന്നമായ കേരളത്തില്‍ വലിയ ധനസഹായം തന്നെ താരസംഘടന മുന്‍കൈ എടുത്ത് പിരിച്ചു നല്‍കണം.
ചെറിയ ഒരു സംഖ്യ ‘അമ്മയുടെ’ പേരില്‍ കൊടുത്ത് ദുരിതാശ്വാസ നിധിയെ അപഹസിക്കരുത്. ഏതൊക്കെ താരങ്ങള്‍ എത്ര രൂപ വീതം നല്‍കി എന്നത് ജനങ്ങള്‍ക്ക് അറിയണം. കാരണം ഈ പ്രേക്ഷകര്‍ ഉള്ളതു കൊണ്ടാണല്ലോ താരങ്ങളും സിനിമാ വ്യവസായങ്ങളും ഇവിടെ നിലനില്‍ക്കുന്നത്.
കേരളത്തിന്റെ ചരിത്രത്തില്‍ മുമ്പൊന്നും ഇല്ലാത്ത വിധത്തിലുള്ള കൊടും ദുരന്തമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.
അര ലക്ഷത്തില്‍ അധികം പേര്‍ കിടപ്പാടങ്ങള്‍ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണ്.
സാമ്പത്തികമായി വന്‍ ബാധ്യതയിലാണ് നിലവില്‍ സംസ്ഥാന ഖജനാവ്. ഈ ദുരന്തം സംസ്ഥാന സര്‍ക്കാറിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.
സ്ഥിരം സഹായഹസ്തം നീട്ടുന്ന വ്യവസായ പ്രമുഖര്‍ മാത്രം ‘കൈ’ നല്‍കിയാല്‍ പരിഹരിക്കപ്പെടുന്നതല്ല സംസ്ഥാനം നേരിടുന്ന ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി.
അഞ്ഞൂറോളം റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി കഴിഞ്ഞു, വീടുകള്‍ അടക്കം നിരവധി കെട്ടിടങ്ങള്‍ക്ക് വലിയ അപകടമാണ് സംഭവിച്ചിരിക്കുന്നത്, 37 പേരാണ് ഇതുവരെ മഴക്കെടുതിയില്‍ മരണപ്പെട്ടത്, ഗുരുതരമായി പരിക്കേറ്റ നിരവധി പേര്‍ ആശുപത്രിയിലാണ്, മരിച്ചവരുടെ കുടുംബത്തിന് പണം ഒരു പരിഹാരമല്ലങ്കിലും അവര്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ വലിയ തുക തന്നെ നല്‍കേണ്ടത് അനിവാര്യമാണ്. കെട്ടിടങ്ങളുടെയും വീടുകളുടെയും പുനര്‍നിര്‍മ്മിതി ജലനിരപ്പ് സാധാരണ ഗതിയായാല്‍ ഉടന്‍ ആരംഭിക്കേണ്ടതുണ്ട്. കൃഷി ഇടങ്ങള്‍ വ്യാപകമായി നശിച്ചതിനാല്‍ കര്‍ഷകരും വലിയ ദുരിതത്തിലാണ്. അനൗദ്യോഗിക കണക്കു പ്രകാരം 5000 കോടി കടക്കും നഷ്ടം.
ഒരു നവകേരളം തന്നെ പുതുതായി സൃഷ്ടിക്കാന്‍ എല്ലാ മലയാളികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്.
ഇതിന് ഒരു നല്ല തുടക്കമാണ് തമിഴ് സൂപ്പര്‍താരങ്ങള്‍ നല്‍കിയത്. 50 ലക്ഷം രൂപ നല്‍കാന്‍ ഈ താരങ്ങള്‍ എടുത്ത തീരുമാനം അഭിനന്ദനീയവും മാതൃകാപരവുമാണ്. നടന്‍ വിജയ് അടക്കമുള്ളവര്‍ വലിയ സഹായം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
ഈ മാതൃക പിന്തുടര്‍ന്ന് മലയാള സിനിമാ താരങ്ങളും ദുരിത ബാധിതരെ സഹായിക്കാന്‍ തയ്യാറാകണം. സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോട് പൂര്‍ണ്ണമായും സഹകരിക്കണം.
നിങ്ങളുടെ സഹായങ്ങള്‍ മറ്റുള്ളവര്‍ക്കും സഹായം നല്‍കാന്‍ പ്രേരണയാകും എന്നു കൂടി ഓര്‍ക്കുക.
ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ട് ദു:ഖത്തില്‍ പങ്ക് ചേരുന്നതിലല്ല കാര്യം, കഴിയാവുന്ന സഹായങ്ങള്‍ പിശുക്കില്ലാതെ നല്‍കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കാകുന്നതിലാണ് കാര്യമെന്ന് ഓര്‍ക്കുക.
സിനിമാ താരങ്ങള്‍ മാത്രമല്ല സമസ്ത മേഖലയിലും ഉള്ള ജനവിഭാഗങ്ങള്‍ തങ്ങള്‍ക്ക് കഴിയുന്ന സഹായങ്ങള്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയാല്‍ ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ നമുക്ക് കഴിയും.
അതുപോലെ തന്നെ ഇനിയും ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള ശക്തമായ നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാറും തയ്യാറാകണം.
കയ്യേറ്റക്കാരുടെ ‘കോടാലി’ പതിച്ചതിനെ തുടര്‍ന്നുള്ള പ്രകൃതിയുടെ കണ്ണീരാണ് മഴയായി പെയ്തിറങ്ങി ഇപ്പോഴത്തെ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് വൈകിയെങ്കിലും തിരിച്ചറിയുന്നത് നല്ലതായിരിക്കും.
Team express kerala