മലയാള സിനിമയിൽ സൂപ്പർ താരങ്ങൾ പ്രതിഫലതുകയും കുത്തനെ വർദ്ധിപ്പിച്ചു

ലയാളത്തില്‍ താരങ്ങളും പ്രതിഫലം പുതുക്കി. ആറുകോടിയാണ് നിലവില്‍ മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം. മമ്മൂട്ടിയും ദിലീപും അഞ്ച് കോടി രൂപയാക്കി പ്രതിഫലം ഉയര്‍ത്തിയിട്ടുണ്ട്. പൃഥ്വിരാജ് ആണ് മൂന്നാമത്, മൂന്നു കോടിയാണ് ഒരു സിനിമയ്ക്ക് പൃഥ്വിരാജ് വാങ്ങുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നിവര്‍ രണ്ടര കോടിയാണ് പ്രതിഫലം പറ്റുന്നത്. ചാക്കോച്ചനും ടൊവിനോയും ഒരു കോടി മുതല്‍ ഒന്നേകാല്‍ കോടി വരെയാണ് പ്രതിഫലം വാങ്ങുന്നത്.

നായികമാരില്‍ ഇപ്പോഴും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരാണ് മുന്നില്‍. 40 ലക്ഷമാണ് പ്രതിഫലം. പാര്‍വതിയാണ് രണ്ടാമത് 35 ലക്ഷം. മറ്റു നടിമാരൊക്കെ ശരാശരി അഞ്ചു ലക്ഷം മുതല്‍ 15 ലക്ഷം വരെ പ്രതിഫലം പറ്റുന്നവരാണ്.

മോഹന്‍ലാല്‍ സിനിമകള്‍ക്ക് ഇപ്പോഴും നിലവിലുള്ള മാര്‍ക്കറ്റാണ് അദ്ദേഹത്തെ ഒന്നാം സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. പുലിമുരുകനാണ് വഴിതിരിവായത്. ലൂസിഫറിന്റെ തകര്‍പ്പന്‍ വിജയം ലാലിന്റെ താരമൂല്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം മമ്മൂട്ടിയും ദിലീപും തൊട്ടുപിന്നാലെ ശക്തമായി തന്നെ രംഗത്തുണ്ട്. ഈ മൂന്ന് സൂപ്പര്‍ താരങ്ങള്‍ക്കും നിശ്ചയിക്കപ്പെട്ട തുകയ്ക്കും മീതെ നല്‍കി കോള്‍ ഷീറ്റ് വാങ്ങാന്‍ പ്രമുഖ നിര്‍മാതാക്കള്‍ മത്സരിക്കുകയാണെന്നതും ശ്രദ്ധേയമാണ്.

മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന മാമാങ്കത്തെ ചലച്ചിത്ര ലോകം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് മാമാങ്കത്തിലെ നായക വേഷം. പല കളക്ഷന്‍ റെക്കോര്‍ഡുകളും മാമാങ്കം പൊളിച്ചടുക്കുമെന്നാണ് മമ്മൂട്ടിയുടെ ആരാധകര്‍ വിശ്വസിക്കുന്നത്. മാമാങ്കത്തിന് ശേഷം മമ്മൂട്ടിയുടെ പ്രതിഫലം കുത്തനെ വര്‍ദ്ധിക്കാനും സാധ്യതയേറെയാണ് .

മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങളുടെ സിനിമയ്ക്ക് സാറ്റ്ലൈറ്റ് ഇനത്തില്‍ മാത്രം അഞ്ച് കോടിയ്ക്കു മുകളില്‍ ലഭിക്കുന്നുണ്ട്. ഡിജിറ്റല്‍ രംഗത്ത് പുതിയ മാര്‍ക്കറ്റ് കൂടി തുറന്നത് നിര്‍മ്മാതാക്കളെ സംബന്ധിച്ച് വലിയ ആശ്വാസമായിട്ടുണ്ട്. ലൂസിഫറിന് ഞെട്ടിക്കുന്ന വരുമാനമാണ് ഇതുവഴിമാത്രം ലഭിച്ചിരിക്കുന്നത്.

പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ കൂടി തുറന്നതോടെ മലയാള സിനിമയോട് മറ്റു ഭാഷയിലെ നിര്‍മ്മാതാക്കള്‍ക്കും താല്‍പ്പര്യം കൂടിയിട്ടുണ്ട്. ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ മലയാള സിനിമയ്ക്ക് നല്ല മാര്‍ക്കറ്റാണ് ഉള്ളത്. ഇത് പരമാവധി മുതലാക്കാന്‍ തന്നെയാണ് മറ്റു ഭാഷകളിലെ പ്രമുഖ കമ്പനികളുടെ തീരുമാനം.

എല്ലാ ഭാഷയിലും പുറത്തിറക്കാവുന്ന സിനിമ തയ്യാറാക്കുന്നതാണ് പുതിയ ശൈലി. ബാഹുബലിയുടെയും കന്നട സിനിമയായ കെ.ജി.എഫ് ചാപ്റ്റര്‍ വണ്ണിന്റെയും വമ്പന്‍ വിജയമാണ് ഇതിന് പ്രേരണയായത്. ഈ സിനിമകള്‍ കേരളത്തിലും സൂപ്പര്‍ ഹിറ്റുകളായിരുന്നു.

ഏറ്റവും ഒടുവില്‍ ഇറങ്ങിയ തെലങ്കുപടം ‘ഡിയര്‍ കോമ്രേഡും’ കളക്ഷനില്‍ മുന്നിലാണ്. ഒരു ഡബിംഗ് സിനിമയാണ് എന്ന് തോന്നാത്ത രൂപത്തിലാണ് കോമ്രേഡ് മലയാളത്തില്‍ റിലീസ് ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ അടക്കമുള്ളവരെ ഈ സിനിമ ആകര്‍ഷിക്കുന്നുണ്ട്. തെലങ്കു സൂപ്പര്‍ താരം അല്ലു അര്‍ജുന് ശേഷം മലയാളി പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച തെലങ്ക് നായകനായി കോമ്രേഡ് നായകന്‍ വിജയ് ദേവരകൊണ്ട മാറിയിട്ടുണ്ട്.

കേരളത്തില്‍ ഏറ്റവും അധികം ആരാധകര്‍ ഉള്ളത് തമിഴ് സൂപ്പര്‍ താരം ദളപതി വിജയ്ക്കാണ്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകരില്‍ നല്ലൊരു വിഭാഗം ഒരു പോലെ വിജയ് ആരാധകരായതാണ് ഈ നേട്ടത്തിന് കാരണം. വിജയ് ഫാന്‍സിന്റെ പ്രവര്‍ത്തനങ്ങളും കേരളത്തില്‍ വളരെ ശക്തമാണ്. പതിനായിരങ്ങളെ ഒറ്റയടിക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നതാണ് ദളപതിയുടെ പ്രത്യേകത.

വിജയ് സിനിമയ്ക്ക് കേരളത്തില്‍ ലഭിക്കുന്ന മാര്‍ക്കറ്റ് വാല്യു മറ്റൊരു അന്യഭാഷാ നായക ചിത്രങ്ങള്‍ക്കും ലഭിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ദളപതിയുടെ പുതിയ സിനിമയായ ‘ബിഗില്‍’ ദീപാവലിയ്ക്കാണ് റിലീസ് ചെയ്യുന്നത്. ബ്രഹ്മാണ്ട സംവിധായകന്‍ ശങ്കറിന്റെ ശിഷ്യനായ അറ്റ്ലി സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ നയന്‍താരയാണ് നായിക. റിലീസിന് മുന്‍പ് തന്നെ തമിഴകത്ത് സെന്‍സേഷനായ ബിഗിലിന് വേണ്ടി കേരളത്തിലും ആരാധകര്‍ വലിയ കാത്തിരിപ്പിലാണ്.

ബിഗില്‍ എന്നാല്‍ വിസില്‍ എന്നാണര്‍ഥം. മാറ്റത്തിന്റെ വിസിലാണ് ഇവിടെ വിജയ് മുഴക്കുന്നത്. പതിവ് രക്ഷക വേഷങ്ങള്‍ക്കപ്പുറം കാമ്പുള്ള കഥാപാത്രങ്ങള്‍ വിജയ്ക്ക് നല്‍കുന്ന അറ്റ്ലി ഇക്കുറി വനിതാ ഫുട്ബോള്‍ ടീമിന്റെ കോച്ചായാണ് വിജയിയെ അവതരിപ്പിക്കുന്നത്. വിജയുടെ പുതിയ മുഖമാണിത്. പുറത്തിറങ്ങിയ പാട്ടില്‍ പോലുമുണ്ട് പുതുമ.

കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രത്തിലെ ആദ്യ ഗാനം തന്നെ ഒരു വിമണ്‍ ആന്തം ആവുക എന്നത് ആരാധകരെ പോലും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. സൂപ്പര്‍ സ്റ്റാര്‍സിന് പരീക്ഷിച്ചുനോക്കാവുന്ന ഐറ്റമാണ് വിജയ് ഇവിടെ ചെയ്തിരിക്കുന്നത്. നായകനെ പറ്റി എവിടെയും പറയാത്ത ഒരു പാട്ട്, സ്ത്രീപക്ഷമെന്ന് പറയുന്നില്ല എങ്കിലും വിജയുടേത് ഒരു മാറ്റം തന്നെയാണ് അത് പ്രകടവുമാണ്.

മോഹന്‍ലാലിനൊപ്പം ‘ജില്ല’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയില്‍ അഭിനയിച്ച വിജയ്, മമ്മൂട്ടിയ്ക്കൊപ്പവും അഭിനയിക്കാനുള്ള ആഗ്രഹത്തിലാണിപ്പോള്‍. ഈ സ്വപ്നം അധികം താമസിയാതെ തന്നെ നിറവേറുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.

Staff Reporter

Top