പഠിക്കാന്‍ അത്ര എളുപ്പം അല്ലെങ്കിലും മലയാളം പഠിക്കാനൊരുങ്ങി ഗൂഗിള്‍ എഐ

ഗൂഗിള്‍ വികസിപ്പിച്ച വെര്‍ച്വല്‍ വ്യക്തിഗത സഹായി ആയ ഗൂഗിള്‍ അസിസ്റ്റന്റ് മലയാളം പറയുന്ന കാലം വിദൂരമല്ല. ഇപ്പോഴിതാ നിര്‍മ്മിത ബുദ്ധിയെ മലയാളം പഠിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഗൂഗിള്‍. സ്പീച്ച് റെക്കഗ്‌നിഷന്‍ നിര്‍മിതബുദ്ധിയെ(എഐ) പരിശീലിപ്പിക്കാന്‍ ഗൂഗിള്‍ തിരഞ്ഞെടുത്ത ഒന്‍പത് ഇന്ത്യന്‍ ഭാഷകളില്‍ മലയാളവും ഇടംപിടിച്ചു.

ഒന്നിലധികം ഭാഷകള്‍ ഒരേ സമയം മനസ്സിലാക്കാന്‍ നിര്‍മിത ബുദ്ധിയെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ പുതിയ പരീക്ഷണത്തിന് മുതിരുന്നത്. ഭാഷാ വൈവിധ്യമുള്ള ഇന്ത്യയെ തന്നെയാണ് തല്‍സമയ ബഹുഭാഷാ സ്പീച്ച് റെക്കഗ്‌നിഷന്‍ എഐയുടെ പരിശീലനത്തിനായി ഗൂഗിള്‍ തിരഞ്ഞെടുത്തത്.

എന്‍ഡ് ടു എന്‍ഡ് സ്ട്രീമിങ് മോഡല്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന നിര്‍മിതബുദ്ധി തല്‍സമയ പരിഭാഷ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലേക്കുള്ള കവാടമാണ്. ഗൂഗിള്‍ അസിസ്റ്റന്റ് അടുത്ത ഘട്ടത്തില്‍ ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുമ്പോള്‍ അതില്‍ മലയാളവും ഇടംപിടിക്കാനുള്ള സാധ്യതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.

മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ തങ്ങളുടെ നിര്‍മിതബുദ്ധിക്കു പരിശീലനം നല്‍കുന്ന വിവരം ഗൂഗിള്‍ എഐ ബ്ലോഗിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹിന്ദി, മറാഠി, ഉറുദു, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി എന്നീ ഭാഷകളും ഗൂഗിള്‍ സ്പീച്ച് റെകഗ്‌നിഷന്‍ പരിശീലിപ്പിക്കാന്‍ തിരഞ്ഞെടുത്തിട്ടുണ്ട്

Top