Malayalam movie ‘Pulimurugan’ enters 100 Crore

കൊച്ചി: മലയാള സിനിമാ ചരിത്രം തിരുത്തി ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകനെ മലര്‍ത്തിയടിക്കാന്‍ മമ്മൂട്ടിക്ക് കഴിയുമോ ?

താര പോരാട്ടത്തില്‍ പരസ്പരം ഏറ്റുമുട്ടുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ വൈകാരികമായി ഉയരുന്ന ചോദ്യമാണിത്.

ഈ ചരിത്രം ലാലിന് മാത്രമേ തിരുത്താന്‍ കഴിയുകയുള്ളുവെന്നാണ് ലാലിന്റെ ആരാധകര്‍ അവകാശപ്പെടുന്നത്.

എന്നാല്‍ ഉടന്‍ തന്നെ ഈ റെക്കോര്‍ഡ് മമ്മൂക്ക അടിച്ച് തകര്‍ക്കുമെന്നാണ് മമ്മൂട്ടിയുടെ ആരാധകര്‍ പറയുന്നത്.

ഇരുവിഭാഗവും സോഷ്യല്‍മീഡിയയില്‍ പരസ്പരം ഏറ്റുമുട്ടുകയാണിപ്പോള്‍.

പുലിമുരുകന്‍ മമ്മൂട്ടിയുടെ മൃഗയയുടെ അത്രയും വരുമോയെന്ന് ചോദിച്ച് നേരത്തെ മമ്മൂട്ടി ഫാന്‍സ് ശക്തമായ പ്രചാരണം അഴിച്ച് വിട്ടിരുന്നു.

1989ല്‍ ഇറങ്ങിയ മൃഗയയിലെ മമ്മൂട്ടിയുടെ അഭിനയവും പുലിയുമായുള്ള ഏറ്റുമുട്ടലും താരതമ്യം ചെയ്യുമ്പോള്‍ ടെക്‌നോളജിയുടെ പുതിയ കാലത്ത് ഗ്രാഫികസുകളുടെ ബലത്തില്‍ മോഹന്‍ലാല്‍ കാഴ്ചവെച്ച പ്രകടനം ഒന്നുമല്ലെന്നാണ് അവരുടെ വാദം.

എന്നാല്‍ ഇതിന് ലാലിന്റെ പഴയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ റിക്കാര്‍ഡ് കളക്ഷനേയും അഭിനയത്തേയും താരതമ്യപ്പെടുത്തിയും പുലിമുരുകന്റെ ചരിത്രനേട്ടത്തെ ചൂണ്ടിക്കാണിച്ചുമാണ് ലാലിന്റെ ആരാധകര്‍ തിരിച്ചടിക്കുന്നത്.

മലയാള സിനിമയിലെ വേട്ടക്കാരനാണ് ലാലെന്നും അദ്ദേഹത്തെ വേട്ടയാടാന്‍ ഇപ്പോള്‍ ആരുമില്ലെന്നും ഇനി ഉണ്ടാകില്ലെന്നുമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന കമന്റുകള്‍.

ഇരുതാരങ്ങളുടെയും ആരാധകര്‍ പരസ്പരം ഇങ്ങനെ ഏറ്റുമുട്ടുമ്പോഴും സിനിമാനിരൂപകര്‍ ചോദിക്കുന്നത് മറ്റൊന്നാണ്.പുലിമുരുകന്‍ റിക്കാര്‍ഡ് തകര്‍ക്കാന്‍ ആര് വരുമെന്ന ചോദ്യം ? മമ്മൂട്ടി തന്നെ അധികം താമസിയാതെ അത് തകര്‍ക്കുമോ ? അതോ പുതുനിര താരങ്ങള്‍ സബ്ജക്ടിന്റെയും മേയ്ക്കിങ്ങിന്റെയും ബലത്തില്‍ റിക്കാര്‍ഡ് ഭേദിക്കുമോ എന്നതാണ് സിനിമാ നിരൂപകര്‍ ഉറ്റുനോക്കുന്നത്.

കേരളത്തിന് പുറത്തും വിശാലമായ മാര്‍ക്കറ്റ് മലയാള സിനിമക്കുണ്ട് എന്ന് കാണിച്ചു തന്ന ചിത്രം കൂടിയാണ് പുലിമുരുകന്‍.

കേരളത്തില്‍ മാത്രം 65 കോടി രൂപയാണ് ഇതുവരെ പുലിമുരുകന്‍ സ്വന്തമാക്കിയത്. യുഎഇയില്‍ നിന്ന് മൂന്ന് ദിവസം കൊണ്ട് 15 കോടിയാണ് കളക്ട് ചെയ്തത്.

ഇതിന് പുമെ അമേരിക്ക ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളിലും മികച്ച കളക്ഷനാണ്. ഓവര്‍സീസ്, റീമേക്ക്, സാറ്റ്‌ലൈറ്റ് വകയില്‍ 15 കോടിക്ക് മുകളിലും ചിത്രം സ്വന്തമാക്കി കഴിഞ്ഞു.

ഇപ്പോഴും തിയേറ്ററുകളില്‍ ഹൗസ്ഫുള്ളായാണ് ചിത്രം പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കുന്നത്.

Top