സിനിമയെ സിനിമയായി മാത്രം വിലയിരുത്തുന്ന പതിവ് നിരീക്ഷണം ഒരിക്കലും സുഡാനി ഫ്രം നൈജീരിയ’യുടെ കാര്യത്തില്‍ നടത്തുന്നത് ഉചിതമാകില്ല. ഒരു കച്ചവട സിനിമയായി മാത്രം കാണാന്‍ സാധിക്കുന്നതല്ല ഈ സിനമയെ,മറിച്ച് പച്ചയായ മനുഷ്യന്റെ നിസഹായവസ്ഥയും ജീവിത സാഹചര്യങ്ങളുമാണ് റിയലിസ്റ്റിക്കായി അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.
കഥാപാത്രങ്ങളും സംഭാഷണങ്ങളും രംഗങ്ങളുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി തന്നെ അവതരിപ്പിക്കാന്‍ സംവിധായകന്‍ സക്കറിയയ്ക്കും കഴിഞ്ഞിട്ടുണ്ട്. സൗബിന്‍ ഒഴികെ ഈ സിനിമയിലെ കേന്ദ്ര കഥാപാത്രമായ നൈജീരിയന്‍ സ്വദേശി സാമുവല്‍ അടക്കം മറ്റുള്ള എല്ലാ താരങ്ങളും പ്രേക്ഷകരെ സംബന്ധിച്ച് അത്ര സുപരിചിതരല്ല. ഇവരെല്ലാം അഭിനയിക്കുകയാണോ ജീവിക്കുകയായിരുന്നോ എന്ന് ചോദിച്ചാല്‍ സിനിമ കണ്ടവരും ആശയ കുഴപ്പത്തിലാകും.
സൗബിന്റെ ഉമ്മയായി വേഷമിടുന്ന സാവിത്രിയും അവരുടെ അയല്‍വാസിയായി അഭിനയിച്ച ബീയുമ്മയും അസാധാരണ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.വഴിതെറ്റി പോയ ചിലരെ ചൂണ്ടിക്കാട്ടി ഒരു സമുദായത്തെയാകെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ സിനിമ. ജാതിക്കും മതത്തിനും അപ്പുറം മനുഷ്യന്റെ സങ്കടങ്ങളും കണ്ണീരും കാണുന്ന മലബാറിലെ മുസ്ലീം കുടുംബത്തിന്റെ മനസ്സ് സിനിമയില്‍ ഹൃദയസ്പര്‍ശിയായ രംഗങ്ങളാണ് സമ്മാനിക്കുന്നത്.
ഫുട്‌ബോള്‍ താരമായി അഭിനയിക്കുന്ന സാമുവലിന് ഗുരുതര പരിക്കേറ്റ് പ്രാഥമിക കൃത്യം പോലും നിര്‍വഹിക്കാന്‍ പറ്റാത്ത സാചര്യത്തില്‍ കിടപ്പിലായപ്പോള്‍ ടീം മാനേജരായ മജീദും (സൗബിന്‍) ഉമ്മയും അയല്‍വാസിയുമെല്ലാം നല്‍കുന്ന പരിചരണവും പ്രാര്‍ത്ഥനയുമെല്ലാം ഏതൊരാളുടെയും മനസ്സിനെ ആഴത്തില്‍ സ്വാധീനിക്കുന്നതാണ്.
നൈജീരിയയില്‍ തന്റെ രണ്ട് സഹോദരിമാരെ സംരക്ഷിക്കുന്ന ഗ്രാന്‍മ മരണപ്പെട്ടപ്പോള്‍ സാമുവല്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞതും ആ ദു:ഖത്തില്‍ പങ്ക് ചേര്‍ന്ന് മജീദിന്റെ കുടുംബം തങ്ങളുടെ ആചാരപ്രകാരം പ്രാര്‍ത്ഥന ചടങ്ങുകള്‍ നടത്തുന്നതുമെല്ലാം ഹൃദയസ്പര്‍ശിയാണ്.
മലബാറിലെ ജനതയുടെ സ്‌നേഹത്തിന്റെ പ്രതിരൂപമാണ് ഇവിടെ ദൃശ്യവല്‍ക്കരിക്കപ്പെടുന്നത്. കേരളത്തില്‍ സെവന്‍സ് കളിക്കാനെത്തുന്ന ഒരു ആഫ്രിക്കക്കാരനെയും ഈ സിനിമ കണ്ടവര്‍ക്ക് ഇനി അത്ര പെട്ടന്ന് മറക്കാന്‍ കഴിയില്ല. ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ആഫ്രിക്കന്‍ കളിക്കാര്‍ തീര്‍ക്കുന്ന ഗോള്‍മഴക്ക് കയ്യടിച്ച് വീട്ടിലേക്ക് മടങ്ങുന്നവര്‍ ഒരു നിമിഷം ഇനി ആലോചിക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലെ, നൈജീരിയയിലെ . . ഇവരുടെ ദയനീയഅവസ്ഥ . . അവരുടെ വീടുകളിലെ കണ്ണീര്‍ . . അത് തീര്‍ച്ചയായും മലയാളിയുടെ ഉറക്കം കെടുത്തും.
ആഭ്യന്തര കലാപത്തില്‍പ്പെട്ട് കൊല്ലപ്പെടുകയും അനാഥമാക്കപ്പെടുകയും ചെയ്ത സിറിയയിലെ പതിനായിരങ്ങളുടെ അവസ്ഥയും മ്യാന്‍മറില്‍ നിന്നും പാലയാനം ചെയ്ത റോഹിന്‍ങ്ക്യകളുടെ രോദനവും കണ്ട നമുക്ക് മുന്നില്‍ നൈജീരിയയിലെ ആഭ്യന്തര കലാപത്തില്‍പ്പെട്ട് അഭയാര്‍ത്ഥികളായവരുടെ കണ്ണീരാണ് ‘സുഡാനിയിലൂടെ’ വെളിവാക്കപ്പെടുന്നത്.
അഭയാര്‍ത്ഥി ക്യാംപില്‍ ഒരു തുള്ളി വെള്ളം കിട്ടാന്‍ കഷ്ടപ്പെടുന്ന തന്റെ സഹോദരിമാരെ സ്വപ്നത്തില്‍ കണ്ട് ഞെട്ടി ഉണരുന്ന നായകനിലൂടെ ഇപ്പോള്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ കഴിയുന്ന ഒരു സമൂഹത്തിന്റെ വിലാപമാണ് സംവിധായകന്‍ യഥാര്‍ത്ഥത്തില്‍ ഓര്‍മ്മപ്പെടുത്തുന്നത്.
മലബാറിലെ ജനത നെഞ്ചിലേറ്റിയ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു റിയലിസ്റ്റിക്ക് സിനിമ സംവിധാനം ചെയ്ത സക്കറിയയ്ക്കും തിരക്കഥാകൃത്തായ മൊഹ്‌സിനും അര്‍ഹിക്കുന്നുണ്ട് വലിയ ഒരു കയ്യടി.ഒരു കൃത്രിമ കായിക പ്രേമമാക്കി സിനിമയെ ഒതുക്കാതെ ഒരു ജനതയുടെ സംസ്‌കാരം ഇതിലൂടെ ദൃശ്യവല്‍ക്കരിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു എന്നതും അഭിനന്ദിക്കേണ്ട കാര്യം തന്നെയാണ്.
കച്ചവടസിനിമകളില്‍ . . എന്തിനേറെ ഇപ്പോള്‍ അവാര്‍ഡ് സിനിമകളില്‍ പോലും ‘നിര്‍ബന്ധ’മായ നായിക പദവി എടുത്ത് കളഞ്ഞാണ് ‘സുഡാനിയുടെ’ ഈ സാഹസമെന്ന് കൂടി ഓര്‍ക്കണം. സുഡാനിയുടെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയായ ഷൈജു ഖാലിദിന്റെ ദൃശ്യങ്ങളും ഏറെ മികവുറ്റതാണ്.
ഇത്രയും ഗൗരവമായ വിഷയം പറഞ്ഞ സിനിമക്ക് എന്ത് കൊണ്ടാണ് ‘സുഡാനി’ എന്ന പേരിട്ടതെന്നാണ് ഇനി ചോദ്യമെങ്കില്‍ അതിന് ഉത്തരം മലബാറിലെ ഫുട്‌ബോള്‍ പ്രേമികളാണ് പറയുക. കാരണം ആഫ്രിക്കയില്‍ നിന്നും ഇവിടെ വരുന്നവരെയെല്ലാം അവര്‍ക്ക് സുഡുവല്ലെങ്കില്‍ സുഡാനിയാണല്ലോ ?
Review: M vinod