പൗരത്വ പ്രക്ഷോഭത്തെ ഹിന്ദുത്വ ഏകീകരണം ഉയര്‍ത്തി തളയ്ക്കാന്‍ ബി.ജെ.പി!

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിയ എതിര്‍വികാരം, ഹിന്ദുത്വ ഏകീകരണത്തില്‍ മറികടക്കാനുള്ള തന്ത്രം മെനഞ്ഞ് ബി.ജെ.പി. പൗരത്വ പ്രക്ഷോഭങ്ങള്‍ കെട്ടടങ്ങുമ്പോഴാണ് പൗരത്വ നിയമഭേദഗതിയില്‍ നിന്നും ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായി അമിത്ഷാ രംഗത്തെത്തിയത്.

പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയാണ് ഇവിടെ പ്രക്ഷോഭം നടത്തേണ്ടതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഹിന്ദു വികാരം ആളിക്കത്തിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിയില്‍ പിന്തുണ തേടി അമിത്ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കളും കേന്ദ്ര മന്ത്രിമാരും വീടുകള്‍ കയറി പ്രചരണം നടത്തുകയാണ്.

റാലികള്‍ക്കും ഓണ്‍ലൈന്‍ കാമ്പയിനിനും ബി.ജെ.പി തുടക്കമിട്ടിട്ടുണ്ട്. പൗരത്വ പ്രക്ഷോഭത്തിന്റെ ആദ്യഘട്ടത്തിലെ ആവേശം രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. കേരളത്തിലും ബംഗാളിലും ആസാമുമടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഇപ്പോഴും പ്രക്ഷോഭം തുടരുന്നത്.

ഹിന്ദി ഹൃദയഭൂമികളായ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം കെട്ടടങ്ങിയ മട്ടാണ്. ഉത്തര്‍പ്രദേശിലെ പ്രക്ഷോഭത്തില്‍ സമരക്കാരുടെ സ്വത്തുകണ്ടെത്താന്‍ സര്‍ക്കാര്‍ നടപടിയെടുത്തതും പോപുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യവുമടക്കമുള്ളവയാണ് തിരിച്ചടിയായത്.

ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും പ്രക്ഷോഭങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പിന്നില്‍ പോപുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യം ഉയര്‍ത്തികാട്ടി പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കവും കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ഇതോടെ കോണ്‍ഗ്രസ് അടക്കം പൗരത്വ പ്രക്ഷോഭത്തെ പിന്തുണക്കുന്നവര്‍ പോലും പ്രതിരോധത്തിലായിരിക്കുകയാണ്.

കേരളത്തിലും ബംഗാളിലും പൗരത്വ പ്രക്ഷോഭം മുസ്‌ലീം ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള അടവായാണ് പിണറായി വിജയനും മമത ബാനര്‍ജിയും കണക്കാക്കുന്നത്. അതിനാലാണ് വിട്ടുവിഴ്ചയില്ലാത്ത സമരത്തിന് ഇരു സംസ്ഥാനങ്ങളിലും സര്‍ക്കാരുകള്‍ തന്നെ നേതൃത്വം നല്‍കുന്നത്.

ന്യൂഡല്‍ഹിയില്‍ ജെ.എന്‍.യു, ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ പ്രക്ഷോഭം കെട്ടടങ്ങിക്കഴിഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പൗരത്വ പ്രശ്‌നത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയില്‍ ഇതുവരെ ആം ആദ്മി പൗരത്വ നിയമ ഭേദഗതി തെരഞ്ഞെടുപ്പ് വിഷയമായിപ്പോലും ഉയര്‍ത്തിയിട്ടില്ല.

രാം ലീല മൈതാനത്തെ റാലിക്കും രാജ്ഘട്ടിലെ ഉപവാസത്തിനും ജില്ലാ കേന്ദ്രങ്ങളിലെ സമരത്തിനും ശേഷം രണ്ടാം ഘട്ട പ്രക്ഷോഭങ്ങളെക്കുറിച്ച് കോണ്‍ഗ്രസും പുനരാലോചന നടത്തുകയാണ്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം ആളിക്കത്തിക്കുന്നത് ഹിന്ദുത്വ ഏകീകരണത്തിന് വഴിയൊരുക്കുമോ എന്ന ആശങ്കയാണ് കോണ്‍ഗ്രസിനുള്ളത്.

രാമജന്മഭൂമി പ്രക്ഷോഭമാണ് കേവലം രണ്ട് എം.പിമാരുണ്ടായിരുന്ന ബി.ജെ.പിക്ക് കേന്ദ്ര ഭരണം സമ്മാനിച്ചത്. ബാബറി മസ്ജിദ് വിഷയം സുപ്രീം കോടതി വിധിയിലൂടെ പരിഹരിക്കപ്പെട്ടതോടെ ബി.ജെ.പിക്ക് രാമക്ഷേത്ര നിര്‍മ്മാണം തെരഞ്ഞെടുപ്പ് അജണ്ടയായി ഇനി ഉയര്‍ത്താനാവാത്ത പ്രതിസന്ധിയായിരുന്നു. എന്നാല്‍ പൗരത്വ പ്രക്ഷോഭത്തോടെ ഹിന്ദു ഏകീകരണത്തിനുള്ള ആയുധമാണ് സംഘപരിവാറിന് വീണുകിട്ടിയത്. അത് പരമാവധി പ്രയോജനപ്പെടുത്താനാണ് മോഡി- അമിത്ഷാ കൂട്ടുകെട്ടിന്റെ ശ്രമം.

കേരളത്തിനും ബംഗാളിനും പുറമെ മറ്റൊരിടത്തും പൗരത്വ പ്രക്ഷോഭം രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന കണക്ക് കൂട്ടലാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്കുമുള്ളത്.

വിലക്കയറ്റം, സാമ്പത്തിക തകര്‍ച്ച, ഇന്ധന-പാചകവാതക വിലവര്‍ധനവ്, കര്‍ഷക ആത്മഹത്യ തുടങ്ങി നിരവധി ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാതെ പ്രതിരോധത്തിലായ കേന്ദ്ര സര്‍ക്കാരിന് അവയില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ പൗരത്വ പ്രക്ഷോഭംകൊണ്ടായി.

രാഹുല്‍ഗാന്ധിയെ പ്രക്ഷോഭങ്ങളുടെ നേതൃത്വത്തില്‍ കൊണ്ടുവരാന്‍ കഴിയാത്തതും കോണ്‍ഗ്രസിന് തിരിച്ചടിയാവുകയാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്നു പറയാന്‍ തയ്യറാവുമോ എന്ന ജെ.ഡി.യു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോറിന്റെ ചോദ്യത്തോടും കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും നിന്നുള്ളവരില്‍ അവിടുത്തെ ഭൂരിപക്ഷ സമുദായത്തിലുള്ളവര്‍ക്കൊഴികെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം കൊടുക്കുകയുള്ളൂ എന്നു പറയേണ്ടിടത്ത് മുസ്‌ലിം മതം മൊഴികെ ഹിന്ദു, ക്രിസ്ത്യന്‍, സിക്ക്, പാര്‍സി, ബുദ്ധ, ജൈന മതക്കാര്‍ക്ക് മാത്രമേ പൗരത്വം നല്‍കുകയുള്ളൂ എന്നാണ് ബില്ലില്‍ തന്ത്രപരമായി പറഞ്ഞിരിക്കുന്നത്.

മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മുസ്‌ലീം മതക്കാര്‍ക്ക് പൗരത്വം നല്‍കേണ്ട ഉത്തരവാദിത്വം ഇന്ത്യക്കില്ല. അവിടെനിന്നും കുടിയേറുന്ന ന്യൂനപക്ഷങ്ങളുടെ കാര്യത്തിലേ അനുഭാവ നിലപാടെടുക്കേണ്ടതുള്ളൂ. ഈ നിലപാട് തന്നെയാണ് പൗരത്വ ബില്ലിലും ഉയര്‍ത്തിപ്പിടിക്കുന്നതെങ്കിലും മുസ്‌ലീംങ്ങള്‍ക്ക് പൗരത്വത്തിന് അര്‍ഹതയുണ്ടാവില്ലെന്ന് മതപരമായ വിവേചനം കാണിച്ചത് ഭരണഘടനാവിരുദ്ധമെന്ന നിലപാടാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്.

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി വിധിയാണ് ഇനി കോണ്‍ഗ്രസ് പ്രതീക്ഷായോടെ കാത്തിരിക്കുന്നത്. നിയമ ഭേദഗതി സുപ്രീംകോടതി തള്ളിയാലും ഹിന്ദുത്വ ഏകീകരണത്തില്‍ വിജയം നേടാനാണ് ബി.ജെ.പിയുടെ നീക്കങ്ങള്‍. ഈ അപകടം മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് പൗരത്വ പ്രക്ഷോഭം മയപ്പെടുത്തുന്നത്. കേരളത്തില്‍ പ്രക്ഷോഭം നടത്തുമ്പോഴും ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കം ഇടതുകക്ഷികളും സ്വീകരിക്കുന്നില്ല.

സഖ്യകക്ഷികളായ ജെ.ഡി.യു, ലോക് ജനശക്തി, റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്നിവ എതിര്‍പ്പുമായെത്തിയിട്ടും ബി.ജെ.പി മയപ്പെടാതെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതും ഹിന്ദുത്വ ഏകീകരണം രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കുമെന്ന കണക്ക് കൂട്ടലില്‍ തന്നെയാണ്.

മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് എന്‍.സി.പി ഭരണം പിടിച്ചതും അമിത്ഷായുടെ രാഷ്ട്രീയ ചാണക്യനെന്ന പ്രതിഛായക്കും തിരിച്ചടിയായിരുന്നു. സാമ്പത്തിക തകര്‍ച്ചയില്‍ ഏറെ പഴികേള്‍ക്കുന്നതിനിടെയാണ് പൗരത്വ പ്രക്ഷോഭത്തിനെതിരെ എതിര്‍ പ്രചരണം നടത്തി ഹിന്ദുത്വ ഏകീകരണത്തിന് അമിത്ഷാ വഴിയൊരുക്കുന്നത്. അത് വിജയം കണ്ടാല്‍ രാഷ്ട്രീയ ചാണക്യമെന്ന പദവി വീണ്ടും അമിത്ഷാക്ക് സ്വന്തമാകും.

Top