കൊച്ചി: ഹാസ്യ സാഹിത്യത്തിന്റെ അമരക്കാരന്‍ ചെമ്മനം ചാക്കോ (92) അന്തരിച്ചു. കാക്കനാട് പടമുകളിലെ വീട്ടിലായിരുന്നു അന്ത്യം. വൈക്കം താലൂക്കിലെ മുളക്കുളം വില്ലേജില്‍ ചെമ്മനം കുടുംബത്തില്‍ യോഹന്നാന്‍ കത്തനാര്‍ – സാറാ ദമ്പതികളുടെ മകനായി 1926 മാര്‍ച്ച് ഏഴിനാണ് ജനനം. അവര്‍മാ പ്രൈമറി സ്‌ക്കൂള്‍, പാമ്പാക്കുട ഗവ. മിഡില്‍ സ്‌ക്കൂള്‍, പിറവം ഗവ: മിഡില്‍ സ്‌ക്കൂള്‍, പിറവം സെന്റ്. ജോസഫ്‌സ് ഹൈസ്‌കൂള്‍, ആലുവാ യുസി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1953-ല്‍ മലയാളം ബിഎ ഓണേഴ്‌സ് പരീക്ഷയില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ഒന്നാം ക്ലാസോടെ ജയിച്ചു. 1945-ല്‍ പ്രൈവറ്റായി ചേര്‍ന്ന് സാഹിത്യവിശാരദ് പരീക്ഷയും സ്റ്റേറ്റ് റാങ്കോടെ ജയിച്ചു. പിറവം സെന്റ്. ജോസഫ്‌സ് ഹൈസ്‌ക്കൂള്‍, പാളയം കോട്ട സെന്റ് ജോണ്‍സ് കോളജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ്, കേരള യൂണിവേഴ്‌സിറ്റി മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1968 മുതല്‍ 86 വരെ കേരള സര്‍വകലാശാലയില്‍ പുസ്തകപ്രസിദ്ധീകരണ വകുപ്പ് ഡയറക്ടറായിരുന്നു.
നാല്‍പ്പതുകളുടെ തുടക്കത്തില്‍ സാഹിത്യപ്രവര്‍ത്തനം ആരംഭിച്ചു. 1946-ല്‍ ചക്രവാളം മാസികയില്‍ ‘പ്രവചനം’ എന്ന കവിതയാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. 1947-ല്‍ പ്രസിദ്ധീകരിച്ച ‘വിളംബരം’ എന്ന കവിതാസമാഹാരമാണ് ആദ്യപുസ്തകം. 1965-ല്‍ പ്രസിദ്ധീകരിച്ച ‘ഉള്‍പ്പാര്‍ട്ടി യുദ്ധം’ എന്ന കവിതയിലൂടെ വിമര്‍ശഹാസ്യ സാഹിത്യത്തിലേയ്ക്ക് ചുവടുവച്ചു.
2006 ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. കുഞ്ചന്‍ നമ്പ്യാര്‍ കവിതാപുരസ്‌കാരം (2012) മഹാകവി ഉള്ളൂര്‍ കവിതാ അവാര്‍ഡ് (2003) സഞ്ജയന്‍ അവാര്‍ഡ് (2004) പി. സ്മാരക പുരസ്‌കാരം (2004) പണ്ഡിറ്റ് കെ.പി. കറുപ്പന്‍ അവാര്‍ഡ് (2004) മൂലൂര്‍ അവാര്‍ഡ് (1993) കുട്ടമത്ത് അവാര്‍ഡ് (1992) സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ് (1993) എ.ഡി. ഹരിശര്‍മ്മ അവാര്‍ഡ് (1978) എന്നിവയും ചെമ്മനത്തെ തേടി എത്തി. 1977 ല്‍ രാജപാതയ്ക്ക് കേരള സാഹിത്യ അക്കാദമിയില്‍നിന്നും കവിതാ അവാര്‍ഡ് ലഭിച്ചു. 1995 ല്‍ കിഞ്ചനവര്‍ത്തമാനത്തിന് ഹാസ്യസാഹിത്യ അവാര്‍ഡും.
വിളംബരം, കനകാക്ഷരങ്ങൾ, നെല്ല്, ഇന്ന്, പുത്തരി, അസ്ത്രം, ആഗ്നേയാസ്ത്രം, ദുഃഖത്തിന്റെ ചിരി, ആവനാഴി, ജൈത്രയാത്ര, രാജപാത, ദാഹജലം, ഭൂമികുലുക്കം, അമ്പും വില്ലും, രാജാവിനുവസ്ത്രമില്ല, ആളില്ലാക്കസേരകൾ, ചിന്തേര്, നർമ്മസങ്കടം, ഒന്ന് ഒന്ന് രണ്ടായിരം, ഒറ്റയാൾപട്ടാളം, ഒറ്റയാന്റെ ചൂണ്ടുവിരൽ, അക്ഷരപ്പോരാട്ടം, തലേലെഴുത്ത്, കനൽക്കട്ടകൾ തുടങ്ങിയവയാണ് കവിതാ സമാഹാരങ്ങള്‍. ചക്കരമാമ്പഴം, നെറ്റിപ്പട്ടം, ഇന്ത്യൻ കഴുത, വർഗ്ഗീസ് ആന എന്നീ ബാലസാഹിത്യ കൃതികളും അദ്ദേഹത്തിന്റേതായുണ്ട്.കിഞ്ചനവർത്തമാനം, കാണാമാണിക്യം, ചിരിമധുരം, ചിരിമധുരതരം, ചിരിമധുരതമം, ചിരിമലയാളം, ചിരിവിരുന്ന് തുടങ്ങിയ ഹാസ്യസാഹിത്യ ഗ്രന്ഥങ്ങളും നിരവധി ലേഖനസമാഹാരങ്ങളും അദ്ദേഹം രചിച്ചു.