മലയാള സിനിമ ഇനി ഒരു സംഭവമാകും, വൻ കമ്പനികൾ മുതൽ മുടക്കാൻ വരുന്നു

രു മലയാള സിനിമ എങ്ങനെ മാര്‍ക്കറ്റ് ചെയ്യാം എന്നതിനെ സംബന്ധിച്ച് നമുക്ക് കാണിച്ചു തന്ന സിനിമയാണ് ഒടിയന്‍. വിചാരിച്ച പോലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയിട്ടില്ലെങ്കിലും കളക്ഷന്‍ കാര്യത്തില്‍ വലിയ നേട്ടമാണ് ഒടിയന്‍ കൊയ്തിരിക്കുന്നത്.

മലയാള സിനിമക്ക് അന്യസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മാര്‍ക്കറ്റ് ഒടിയന്‍ കാണിച്ചു തന്നതിനാല്‍ ഇതിന്റെ പിന്നാലെയാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍. പ്രമുഖ കോളിവുഡ്, ബോളിവുഡ് സിനിമാ നിര്‍മാണ കമ്പനികള്‍ മലയാള സിനിമയെ നോട്ടമിട്ടു കഴിഞ്ഞു.

വലിയ ബജറ്റ് മുടക്കി സിനിമ ചെയ്താല്‍ വന്‍ ലാഭമുണ്ടാക്കാം എന്ന് തിരിച്ചറിഞ്ഞ് ഈ മാര്‍ക്കറ്റ് ഉപയോഗപ്പെടുത്താന്‍ തന്നെയാണ് നിര്‍മ്മാണ കമ്പനികളുടെ തീരുമാനം. നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നു പോലും സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച മലയാള സിനിമയെ സംബന്ധിച്ച് പുതിയ തുടക്കമാണ് 2019 മുതല്‍ കാണാന്‍ പോകുന്നത്.

ബാഹുബലി, 2.0, ഒടിയന്‍ സിനിമകളെ പോലെ വലിയ രൂപത്തില്‍ റിലീസ് ചെയ്ത കന്നട സിനിമ കെ.ജി.എഫും കേരളത്തിലെ തിയറ്ററുകളില്‍ പോലും നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശനം നടത്തി വരുന്നത്.

ഇന്ത്യന്‍ സിനിമ വലിയ വ്യവസായം എന്ന രൂപത്തില്‍ കൂടുതല്‍ കരുത്താര്‍ജിച്ച് മുന്നോട്ട് പോകുമ്പോള്‍ ചൈനയടക്കം കര്‍ശന നിയന്ത്രണമുള്ള രാജ്യങ്ങള്‍ പോലും പ്രദര്‍ശനാനുമതി നല്‍കുന്ന സാഹചര്യവും ഇപ്പോള്‍ നിലവിലുണ്ട്. ഒടിയന്‍ തെളിച്ച മാര്‍ക്കറ്റിങ്ങിലൂടെ പോകാന്‍ നിര്‍മ്മാണ കമ്പനികള്‍ തീരുമാനിക്കുമ്പോള്‍ പ്രതിഫലം ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ് താരങ്ങള്‍.

നിലവില്‍ മലയാള സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരം മോഹന്‍ലാലാണ് 5 കോടി രൂപയാണ് ലാലിന്റെ പ്രതിഫലം.

മമ്മുട്ടിയും ദിലീപും 3 കോടി വീതമാണ് പ്രതിഫലം വാങ്ങുന്നത്. പൃഥ്വിരാജ് 2.50 കോടിയും നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനും രണ്ടു കോടിയും പ്രതിഫലം വാങ്ങുന്നു. ഫഹദ് ഫാസില്‍ 1.30 കോടി, കുഞ്ചാക്കോ ബോബന്‍ 1.15 കോടി, ടൊവിനോ 75 ലക്ഷം എന്നിങ്ങനെയാണ് മറ്റു താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം.

നടിമാരില്‍ മഞ്ജു വാര്യര്‍ 50 ലക്ഷമാണ് വാങ്ങുന്നത്. ഒരു മലയാള സിനിമക്ക് 1.15 കോടിയാണ് നയന്‍താരയുടെ പ്രതിഫലം.

മോഹന്‍ലാലിന്റെ ഒടിയന്‍ ബോക്സ്ഓഫീസ് റെക്കോര്‍ഡുകളെ തകര്‍ത്തു കൊണ്ട് മുന്നേറുന്നതായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ആദ്യ വാരത്തില്‍ തകര്‍പ്പന്‍ കളക്ഷന്‍ ഉണ്ടായ ചിത്രം പതിനൊന്നാം ദിവസം മാത്രം 1.25 കോടി രൂപയാണ് നേടിയത്. ചിത്രത്തിന് ഇതുവരെ 89.05 കോടി രൂപ നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ദ ന്യൂസ് റെക്കോര്‍ഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ ദിവസത്തെ നെഗറ്റീവ് റിവ്യൂകളൊന്നും ചിത്രത്തിന്റെ മുന്നേറ്റത്തെ ബാധിച്ചിട്ടില്ലെന്നാണ് ന്യൂസ് റെക്കോര്‍ഡര്‍ പറയുന്നത്.

Top