ഗോൾഡൻ ഗ്ലോബ് റേസ്: മലയാളി നാവികൻ അഭിലാഷ് ടോമി രണ്ടാം സ്ഥാനം ഉറപ്പിച്ചു; ചരിത്ര നേട്ടം

ഗോൾഡൻ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. ദക്ഷിണാഫ്രിക്കന്‍ വനിതതാരം കിര്‍സ്റ്റൻ ന്യൂഷാഫറാണ് ഒന്നാം സ്ഥാനത്ത്. ഫിനിഷിങ് പോയിന്റായ ലെ സാബ്ലേ ദൊലാനില്‍ അഭിലാഷ് ടോമി വെള്ളിയാഴ്ച രാത്രിയോടെ എത്തുമെന്നാണ് പ്രതീക്ഷ.

അഭിലാഷ് ടോമിയുടെ ബയാനത്ത് എന്ന പായ് വഞ്ചി ശനിയാഴ്ച ലെ സാബ്ലെ ദൊലാന്‍ തുറമുഖത്ത് അടുക്കുമ്പോൾ പിറക്കുന്നത് ഒരു പുതിയ ചരിത്രം കൂടിയായിരിക്കും. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഗോൾഡന്‍ ഗ്ലോബ് റേസിന്റെ പോഡിയത്തില്‍ ഇടം പിടിക്കുന്നത്. അഭിലാഷ് ടോമിയേക്കാൾ നൂറ് നോട്ടിക്കല്‍ മൈലില്‍ അധികം മുന്നിലുള്ള കിര്‍സ്റ്റൺ കിരീടം ഉറപ്പിച്ചു കഴിഞ്ഞു.

ഗോൾഡന്‍ ഗ്ലോബ് റേസിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത ഒന്നാമതെത്തുന്നത്. കഴിഞ്ഞയാഴ്ച അഭിലാഷ് ടോമി ലീഡെടുത്തെങ്കിലും തൊട്ടടുത്ത ദിവസം തന്നെ കിര്‍സ്റ്റന്‍ ലീഡ് തിരിച്ച് പിടിച്ചിരുന്നു. എട്ട് മാസത്തോളം പിന്നിട്ട മല്‍സരം പൂര്‍ത്തിയാക്കാന്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ഫിനിഷിങ് ലൈനിലേക്കെത്തും മുമ്പുള്ള അവസാന ഫോൺ കോളില്‍ അഭിലാഷ് ടോമി പറഞ്ഞു.

2018ലെ ഗോൾഡന്‍ ഗ്ലോബ് റേസിനിടെ തനിക്ക് അപകടം പറ്റിയ മേഖലയില്‍ കൂടി കടന്ന് വന്ന അനുഭവവും ഏറ്റവും പുതിയ വീഡിയോയില്‍ അഭിലാഷ് പങ്ക് വയ്ക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ മല്‍സരങ്ങളിലൊന്നാണ് ഗോൾഡന്‍ ഗ്ലോബ് റേസ്.

1968ല്‍ നിലവിലുണ്ടായിരുന്ന ആശയ വിനിമയ സങ്കേതങ്ങളുപയോഗിച്ച് ഒറ്റയ്ക്ക് പായ് വഞ്ചിയില്‍ ലോകം ചുറ്റിവരികയെന്നതാണ് മല്‍സരം. സെപ്റ്റംബറില്‍ തുടങ്ങിയ ഗോൾഡന്‍ ഗ്ലോബ് റേസില്‍ പതിനാറ് താരങ്ങൾ മല്‍സരിക്കാനിറങ്ങിയെങ്കിലും ഇപ്പോൾ മല്‍സര രംഗത്ത് ഉള്ളത് അഭിലാഷ് അടക്കം മൂന്ന് പേര്‍ മാത്രമാണ്.

Top