മലയാളം സർവകലാശാല വിസി: സർക്കാരിനോട് കടുപ്പിച്ച് ഗവർണർ, രൂക്ഷമായ ഭാഷയിൽ മറുപടി കത്ത്

തിരുവനന്തപുരം: മലയാളം സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാരിനോട് കടുപ്പിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാർ സേർച്ച് കമ്മിറ്റിയിലേക്ക് ഗവർണറുടെ പ്രതിനിധിയെ വീണ്ടും ആവശ്യപ്പെട്ടതിനാണ് രോഷത്തോടെ മറുപടി നൽകിയത്. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണ് സർക്കാർ കത്ത് അയച്ചതെന്ന് ഗവർണർ മറുപടിയിൽ ചോദിക്കുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കാണ് മറുപടി അയച്ചിരിക്കുന്നത്. നേരത്തെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെ ഗവർണർ ചോദിച്ചപ്പോൾ നൽകിയിരുന്നില്ല. സർച്ച് കമ്മിറ്റി സ്വന്തം നിലക്ക് രൂപീകരിക്കാനായിരുന്നു സർക്കാരിന്റെ നീക്കം. ഈ മാസം 28 നാണ് മലയാളം സർവകലാശാല വിസിയുടെ കാലാവധി അവസാനിക്കുന്നത്.

സെർച് കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധിയെ ചോദിച്ച് 2022 ഒക്ടോബർ 14ന് രാജ്ഭവൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്തു ഫയലിൽ ഉണ്ട് . സർവകലാശാല നിയമപ്രകാരം വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധിയും യു.ജി.സി പ്രതിനിധിയും ചാൻസലറുടെ പ്രതിനിധിയും ആവശ്യമാണെന്നും എത്രയും വേഗം സർക്കാർ പ്രതിനിധിയുടെ പേര് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സെർച് കമ്മിറ്റി അംഗമാകുന്നവർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവരും സർവകലാശാലയുമായോ അതിന് കീഴിലുള്ള കോളജുകളുമായോ ഒരുതരത്തിലും ബന്ധമുള്ളയാൾ ആയിരിക്കരുതെന്ന യു.ജി.സി റഗുലേഷൻ വ്യവസ്ഥയും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Top