കൊച്ചി: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് വിരമിക്കല്‍ പ്രഖ്യാപിച്ചു. എല്ലാവിധ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു. കുടുംബത്തെയും ടീമംഗങ്ങളെയും ജനങ്ങളെയും പ്രതിനിധീകരിച്ച് രാജ്യത്തിനുവേണ്ടി കളിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു. വിഷമത്തോടെയാണ് തന്റെ തീരുമാനം.
ഇക്കഴിഞ്ഞ രഞ്ജി സീസണില്‍ കേരളത്തിന് വേണ്ടി ശ്രീശാന്ത് കളിച്ചിരുന്നു. ഏറെനാളുകള്‍ക്ക് ശേഷമാണ് ഫസ്റ്റ്ക്‌ളാസ് ക്രിക്കറ്റില്‍ ശ്രീശാന്ത് കളിച്ചത്. മേഘാലയയ്‌ക്കെതിരായ മത്സരത്തില്‍ 12 ഓവറില്‍ 40 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. പിന്നീട് പരിക്ക് മൂലം മത്സരങ്ങള്‍ നഷ്ടമായി. ഇതോടെയാണ് 39കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി 27 ടെസ്റ്റുകളിലായി 87 വിക്കറ്റുകളും 53 ഏകദിനങ്ങളില്‍ 75 വിക്കറ്റും 10 ടി20കളില്‍ ഏഴ് വിക്കറ്റുകളും നേടി. 2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ പാക് നായകന്‍ മിസ്ബാ ഉള്‍ ഹക്കിന്റെ ക്യാച്ചെടുത്ത് ഇന്ത്യന്‍ വിജയത്തിന് നിര്‍ണായക പങ്ക് വഹിച്ചത് ശ്രീശാന്താണ്. ഇന്ത്യ ലോകചാമ്ബ്യന്‍മാരായ 2011 ഏകദിന ലോകകപ്പിലും ശ്രീശാന്ത് ഭാഗമായിരുന്നു.