ഐഎസില്‍ ചേര്‍ന്ന മലയാളി പെണ്‍കുട്ടികളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നേക്കില്ല

ന്യൂഡല്‍ഹി: അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നാല് ഇന്ത്യന്‍ വനിതകളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നേക്കില്ല. ജയിലില്‍ കഴിയുന്ന മലയാളികളായ സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളാണ് ഇവര്‍. 2016-18 കാലയളവില്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹറിലേക്ക് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം എത്തിയവരാണ് ഇവര്‍ നാലുപേരും. അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന വിവിധ ഏറ്റുമുട്ടലുകളില്‍ വെച്ച് ഇവരുടെ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെടുകയായിരുന്നു.

2019 ഡിസംബറിലാണ് സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവര്‍ അഫ്ഗാന്‍ പോലീസിന് കീഴടങ്ങുന്നത്. തുടര്‍ന്ന് ഇവരെ കാബൂളിലെ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചു.

13 രാജ്യങ്ങളില്‍ നിന്നുളള ഇസ്ലാമിക് സ്റ്റേറ്റിലെ 408 അംഗങ്ങളെ തടവില്‍ പാര്‍പ്പിച്ചിട്ടുളളതായി നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി അഹമ്മദ് സിയ സരാജ് ഏപ്രില്‍ 27ന് കാബൂളില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. ഇതില്‍ 4 ഇന്ത്യക്കാരും 16 ചൈനക്കാരും 299 പാകിസ്താനികളും രണ്ട് ബംഗ്ലാദേശികളും രണ്ട് മാലദ്വീപുകാരുമാണ് ഉളളത്.

തടവുകാരെ അതത് രാജ്യങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനായി 13 രാജ്യങ്ങളുമായി അഫ്ഗാന്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നതായും അദ്ദേഹം അറിയിച്ചിരുന്നു. ഡല്‍ഹിയിലെ അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നാണ് കാബൂളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഐഎസില്‍ ചേര്‍ന്ന ഈ നാലുവനിതകളെയും തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നും അവരെ തിരികെയെത്തിക്കുന്നതിന് അനുവാദം നല്‍കാന്‍ ഇടയില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

2019 ഡിസംബറില്‍ കാബൂളില്‍ വെച്ച് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കുട്ടികള്‍ക്കൊപ്പം കഴിയുന്ന നാലുവനിതകളെയും കണ്ടിരുന്നു. എന്നാല്‍ ഇവരുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന് ഇവരും തീവ്രമൗലികവാദ നിലപാടുള്ളവരാണെന്ന് മനസ്സിലായെന്നും ഫ്രാന്‍സ് സ്വീകരിച്ച മാതൃകയില്‍ ഇവരെ അവിടെ തന്നെ വിചാരണ ചെയ്യാന്‍ അഫ്ഗാനിസ്ഥാന്‍ അധികൃതരോട് അഭ്യര്‍ഥിക്കണമെന്നുമാണ് കരുതുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Top