മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ മംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മംഗളൂരു: മംഗളൂരുവിലെ കോളേജില്‍ പഠിക്കുന്ന മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കല്‍ അരിമ്പയിലെ തൂമ്പുങ്കല്‍ ഝാന്‍സി-സതീഷ് ദമ്പതിമാരുടെ മകള്‍ നിന സതീഷ് (19) ആണ് മരിച്ചത്. മംഗളൂരു കൊളാസോ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ ഒന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്.

ചൊവ്വാഴ്ച രാവിലെയാണ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലിലെ ശൗചാലയത്തിന്റെ വെന്റിലേറ്ററില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മുറിയില്‍ ഒരുമിച്ച് താമസിക്കുന്ന മറ്റു വിദ്യാര്‍ഥികള്‍ വിവരം ഹോസ്റ്റല്‍ അധികൃതരെ അറിയിക്കുകയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനി ബുധനാഴ്ച രാവിലെ മരിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഫീസ് അടയ്ക്കാന്‍ പറ്റാത്തതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസും കോളേജ് അധികൃതരും പറയുന്നത്.
ഫീസ് അടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ കോളേജ് അധികൃതരും കോളേജിലേക്ക് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ഒരുക്കിനല്‍കുന്ന മലയാളിയായ അഡ്മിഷന്‍ ഏജന്റും നിനയെ മാനസികമായി പീഡിപ്പിച്ചതായി ആരോപണമുണ്ട്.

നിനയുടെ പിതാവ് ടി.ജെ. സതീഷ് നേരത്തെ കുടുംബത്തെ ഉപേക്ഷിച്ച് പോയതാണ്. അമ്മ ഝാന്‍സി ചെറുപുഴയിലെ കടയില്‍ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നതും മകളെ പഠിപ്പിക്കുന്നതും. സഹോദരങ്ങള്‍: അലീന, ആല്‍ഫ്രഡ്. മൃതദേഹം ബുധനാഴ്ച പയ്യന്നൂര്‍ സഹകരണ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Top