ഹരിപ്പാട്: ഹിമാലയത്തിലെ റോഹ്തങ് ചുരത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഗ്രഫ് ഉദ്യോഗസ്ഥന്‍ മരിച്ചു.
ജനറല്‍ റിസേര്‍വ് എന്‍ജിനീയറിങ് ഫോഴ്സ് (ഗ്രഫ്) ഉദ്യോഗസ്ഥനായ പളളിപ്പാട് നടുവട്ടം ചൂനാട്ട് വിളയില്‍ വിജയകുമാറിന്റെ മകന്‍ അരുണ്‍ വി. കുമാര്‍ (28) ആണ് മരിച്ചത്.
രാജ്യത്തെ ഏറ്റവും അപകടം പിടിച്ച യാത്രാമാര്‍ഗമായ റോഹ്തങ് ചുരത്തില്‍ വ്യാഴാഴ്ച രാത്രി ഒമ്പതിനായിരുന്നു അപകടം.
വെളളിയാഴ്ച രാവിലെയാണ് വീട്ടില്‍ വിവരം അറിയുന്നത്. അരുണ്‍ വി. കുമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ യാത്രചെയ്ത ജീപ്പ് മറിഞ്ഞതയാണ് വിവരം. മറ്റുളളവരെപ്പറ്റിയുളള വിവരങ്ങള്‍ അറിവായിട്ടില്ല.
സമുദ്രനിരപ്പില്‍ നിന്നും 13,000 അടി ഉയരത്തിലുളള റോഹ്തങിലൂടെയുളള യാത്ര ദുഷ്കരമാണ് . മഞ്ഞുവീഴ്ച ഇത്ബ നിമിഷവും ഉണ്ടാകാം.
റോഡ് മഞ്ഞിനടിയിലായിപ്പോകുന്നതിനാല്‍ വര്‍ഷത്തില്‍ ആറ് മാസം മാത്രമാണ് ഇതുവഴി ഗതാഗതം അനുവദിക്കുന്നത്. മെയ് മുതല്‍ നവംബര്‍ വരെയാണ് ചുരം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത്.
അരുണ്‍ വി. കുമാര്‍ ഒമ്പത് വര്‍ഷം മുമ്പാണ് ഗ്രഫില്‍ ചേര്‍ന്നത്. രണ്ടര മാസം മുമ്പ് അവധിക്ക് വന്നതാണ്. ജമ്മുവിലാണ് അരുണ്‍ വി. കുമര്‍ ഉള്‍പ്പെടുന്ന ഗ്രഫ് യൂണിറ്റ്. ഇവിടെ നിന്നും റോഹ്തങിലേക്കുളള യാത്രയിലാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരിക്കുന്നത്.
മൃതദേഹം ശനിയാഴ്ച വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും. ശവസംസ്‌കാരം ഞായറാഴ്ച 10 ന് പളളിപ്പാട്ടെ വീട്ടുവളപ്പില്‍.