ദില്ലി: മലയാളി താരം സജന്‍ പ്രകാശിനെ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് ദേശീയ നീന്തല്‍ ഫെഡറേഷന്‍. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് നീന്തല്‍ ഫെഡറേഷന്‍ സജനെ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്യുന്നത്. സജന്‍ പ്രകാശിനൊപ്പം വെറ്ററന്‍ കോച്ച് കമലേഷ് നാനാവതിയെ ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനും നീന്തല്‍ ഫെഡറേഷന്‍ ശുപാര്‍ശ ചെയ്തു.
എ ക്വാളിഫിക്കേഷനോടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈയില്‍ സജന്‍ ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടിയിട്ടുണ്ട്. ഒളിംപിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ് 27കാരനായ സജന്‍.
റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമത്തെതിയാണ് സജന്‍ ഒളിംപിക്‌സിന് നേരിട്ട് യോഗ്യത നേടുന്നവരുടെ എ വിഭാഗത്തിലെത്തിയത്. 1:56:38 സെക്കന്‍ഡില്‍ സജന്‍ ഒന്നാമതായി ഫിനിഷ് ചെയ്തു. 1:56.48 സെക്കന്‍ഡായിരുന്നു ഒളിംപിക്‌സ് യോഗ്യതാ സമയം. നേരത്തെ ബെല്‍ഗ്രേഡില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സജന്‍ സ്വര്‍ണം നേടിയിരുന്നെങ്കിലും എ വിഭാഗത്തില്‍ ഒളിംപിക്‌സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനായിരുന്നില്ല.