ഒളിംപിക്‌സ് നീന്തലിന് യോഗ്യത നേടി മലയാളി താരം സജന്‍ പ്രകാശ്

ന്യൂഡല്‍ഹി: മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ഒളിമ്പിക്‌സ് യോഗ്യത. ടോക്യോ ഒളിമ്പിക്‌സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തിലാവും സജന്‍ മത്സരിക്കുക. റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈയില്‍ ഒന്നാമതെത്തിയതാണ് സജന് ഒളിമ്പിക്‌സ് യോഗ്യത നേടിക്കൊടുത്തത്.

റോമില്‍ 1:56.38 നീന്തിയെത്തിയ സജന്‍ ദേശീയ റെക്കോര്‍ഡും മെച്ചപ്പെടുത്തി. 1:56.48 സമയമായിരുന്നു ഒളിമ്പിക്‌സ് യോഗ്യതാ മാര്‍ക്ക്. എ യോഗ്യതാ മാര്‍ക്ക് മറികടക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ഇതോടെ താരത്തെ തേടിയെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ നീന്തലിനിത് ചരിത്ര മുഹൂര്‍ത്തമാണെന്ന് സ്വിമ്മിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു. 2016ലെ റിയോ ഒളിമ്പിക്‌സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സജന്‍ മത്സരിച്ചിരുന്നു.

2015ലെ ദേശീയ ഗെയിംസില്‍ പുരുഷവിഭാഗം ഫ്രീസ്‌റ്റൈല്‍, ബട്ടര്‍ഫ്‌ളൈ, റിലേ തുടങ്ങിയ മത്സര വിഭാഗത്തില്‍ പങ്കെടുത്ത സജന്‍ 6 സ്വര്‍ണ്ണവും 3 വെള്ളിയും നേടിയിരുന്നു. ആ വര്‍ഷത്തെ ദേശീയ ഗെയിംസിന്റ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Top