ഒളിംപിക്സ് ഉദ്ഘാടന ചടങ്ങില്‍ മലയാളി നീന്തല്‍ താരം സാജന്‍ പ്രകാശ് പങ്കെടുക്കില്ല

ടോക്കിയോ: ഒളിംപിക്സ് ഉദ്ഘാടന ചടങ്ങില്‍ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് പങ്കെടുക്കില്ല. മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ പിന്‍മാറ്റാം. രണ്ടിനങ്ങളില്‍ മാത്രമാണ് സജന്‍ മത്സരിക്കുക. നീന്തലിലെ ഫ്രീസ്‌റ്റൈല്‍ ഇനത്തില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. ബട്ടര്‍ഫ്‌ലൈയിലെ 100 മീറ്റര്‍, 200 മീറ്റര്‍ ഇനങ്ങളില്‍ താരം മത്സരിക്കും.

അതേസമയം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ അവസാന നിമിഷ സമ്മര്‍ദം സജന് മുകളിലുണ്ടാകുമോ എന്ന് വ്യക്തമല്ല. ടോക്കിയോയില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈയിലാണ് സജന്റെ ശ്രദ്ധേയ പോരാട്ടം. സജന്‍ എ ക്വാളിഫിക്കേഷനോടെയാണ് 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈയില്‍ ഒളിംപിക്സിന് യോഗ്യത നേടിയത്. ഒളിംപിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ് ഇരുപത്തിയേഴുകാരനായ സജന്‍

അതിജീവനത്തിന്റെ മഹാസന്ദേശവുമായി വിശ്വ കായികമേളയ്ക്ക് ഇന്ന് ടോക്കിയോയില്‍ കൊടിയേറും. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാവും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.

ആദ്യ ദിവസങ്ങളില്‍ തന്നെ മെഡല്‍പട്ടികയില്‍ ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘം. അമേരിക്കയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. അടുത്ത വെള്ളിയാഴ്ചയാണ് അത്‌ലറ്റിക്സ് മത്സരങ്ങള്‍ക്ക് തുടക്കമാവുക.

 

Top