ഇംഗ്ലണ്ട്: നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന സാലിസ്ബറിയിലെ ഫാക്ടറിയില്‍ ഉഗ്രസ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഹൈ പോസ്റ്റിലുള്ള ചെംറിങ് കൗണ്ടര്‍ മെഷേഴ്‌സ് എന്ന ഫാക്ടറിയില്‍ കഴിഞ്ഞ ദിവസ വൈകുന്നേരത്തോടെയാണ് വന്‍ സ്‌ഫോടനം നടന്നത്.
ഡോര്‍സെറ്റ് ആന്‍ഡ് വില്‍റ്റ്‌ഷെയര്‍ ഫയര്‍ റെസ്‌ക്യൂ ടീമിലെ ആറോളം സംഘങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം വില്‍റ്റ്‌ഷെയര്‍ പൊലീസും, ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്‌സിക്യൂട്ടീവും ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെയും ,പരിക്കേറ്റയാളുടെയും വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
മലയാളികളാരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സാലിസ്ബറി, സൗത്താംപ്ടണ്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് നിരവധി മലയാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. എയര്‍ക്രാഫ്റ്റുകള്‍ക്കും യുദ്ധക്കപ്പലുകള്‍ക്കുമുള്ള സുരക്ഷാ ഉപകരണങ്ങളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. അതിനാല്‍ ഫാക്ടറി അതീവ സുരക്ഷാ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.