malayali is killed in us moab bombing afghanistan

ന്യൂഡല്‍ഹി: അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഐഎസ് ഭീകരരുടെ കേന്ദ്രത്തില്‍ യുഎസ് നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്.

ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്നലെ അഫ്ഗാനിസ്ഥാനിലെ നന്‍ഗഹര്‍ പ്രവിശ്യയില്‍ ഐഎസ് ഭീകരരുടെ ഒളിത്താവളങ്ങളായ ഗുഹകള്‍ ലക്ഷ്യമിട്ട് യുഎസ് വ്യോമാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിലാണു കാസര്‍കോട് പടന്നയില്‍ നിന്നു കാണാതായ മുര്‍ഷിദ് മുഹമ്മദ് കൊല്ലപ്പെട്ടതെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ടെലിഗ്രാം സന്ദേശം വഴി കുടുംബാംഗങ്ങള്‍ക്കാണ് ഇയാള്‍ മരിച്ചതായുള്ള വിവരം ലഭിച്ചത്. 21 പേരെയാണു ദുരൂഹ സാഹചര്യത്തില്‍ സംസ്ഥാനത്തുനിന്നു കാണാതായത്. എല്ലാവരും വിവിധ ഐഎസ് ക്യാംപുകളിലെത്തിയതായാണു വിവരം.

എപ്പോഴാണ് മുര്‍ഷിദ് കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ലെന്ന് പടന്നയിലെ സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുര്‍ റഹ്മാന്‍ അറിയിച്ചു. സാധാരണ സന്ദേശങ്ങള്‍ വരുന്ന സ്രോതസ്സില്‍നിന്നല്ല ഈ സന്ദേശം വന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതുണ്ടെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കാസര്‍കോഡ് ചന്ദേര പൊലീസ് അറിയിച്ചു.

യുഎസ് നടത്തിയ ബോംബ് ആക്രമണത്തില്‍ 36 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഐഎസില്‍ ചേരാന്‍ കേരളത്തില്‍നിന്നുപോയവരില്‍ ചിലര്‍ ഇവിടെയുണ്ടായിരുന്നെന്നും ഇവര്‍ കൊല്ലപ്പെട്ടിരിക്കാം എന്നുമാണു രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം. പടന്നയില്‍നിന്നു കാണാതായ ടി.കെ ഹഫീസുദ്ദീന്‍ (24) അഫ്ഗാനിസ്ഥാനില്‍ മരിച്ചതായി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ടെലിഗ്രാം വഴി കുടുംബാംഗങ്ങള്‍ക്കു സന്ദേശം ലഭിച്ചിരുന്നു. ഇയാളുടെ മൃതദേഹത്തിന്റെ ചിത്രവും ലഭിച്ചിരുന്നു.

അണുബോംബല്ലാത്ത ഏറ്റവും വലിയ ബോംബാണ് യുഎസ് ഇന്നലെ അഫ്ഗാനിസ്ഥാനില്‍ വര്‍ഷിച്ചത്. ‘എല്ലാ ബോംബുകളുടെയും മാതാവ്’ എന്നറിയപ്പെടുന്ന ജിബിയു 43 ബോംബാണിത്. അഫ്ഗാന്‍ യുദ്ധത്തില്‍ ആദ്യമായാണിതു പ്രയോഗിക്കുന്നത്.

പത്തു മീറ്ററിലേറെ നീളം വരുന്ന ബോംബ് ആറടിയോളം ഭൂമിക്കടിയിലേക്കു തുരന്നിറങ്ങി സ്‌ഫോടനം നടത്തുന്നതാണ്. ഇതു ഭൂകമ്പസമാനമായ ആഘാതം സൃഷ്ടിക്കും. വിദൂരനിയന്ത്രിതമായ ഈ ബോംബ് വീഴുന്ന സ്ഥലത്തുനിന്നു ചുറ്റുപാടും വൃത്താകൃതിയില്‍ ഒന്നര കിലോമീറ്ററോളം നാശം വിതയ്ക്കും. 11 ടണ്‍ ഭാരം വരുന്നതാണു ജിബിയു–43. ഭൂമിക്കടിയിലുള്ള ഒളിത്താവളങ്ങള്‍പ്പോലും നശിപ്പിക്കാന്‍ ഈ ബോംബിനാകുമെന്നാണ് യുഎസിന്റെ അവകാശവാദം.

Top