മസ്‌കറ്റ് : ഒമാനിലെ സലാലയില്‍ കുത്തേറ്റ് മരിച്ച മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സനെ ഒമാന്‍ റോയല്‍ പൊലീസ് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 20നാണ് ഒമാനിലെ താമസ സ്ഥലത്ത് കറുകുറ്റി അയിരൂക്കാരന്‍ വീട്ടില്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കു(27)നെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് ലിന്‍സന്‍ സംഭവസമയത്ത് ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്നു. ചിക്കു ജോലിക്ക് എത്തേണ്ട സമയമായിട്ടും കാണാഞ്ഞതിനെ തുടര്‍ന്ന് ഫ്‌ളാറ്റിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കൊലപാതകത്തിന്നു ശേഷം ചിക്കുവിന്റെ കാതിലെ കമ്മല്‍ അടക്കം 12 ഓളം പവന്‍ സ്വര്‍ണവും അപഹരിക്കപ്പെട്ടിരുന്നു. സംഭവം നടന്ന് 50 ദിവസം പിന്നിട്ടിട്ടും കൊലപാതകിയെക്കുറിച്ച് കേസ് അന്വേഷിക്കുന്ന ഒമാന്‍ റോയല്‍ പോലീസിന് തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല.
കൊലപാതകവുമായി ബന്ധപ്പെട്ട് നാലായിരത്തോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പ്രതിയെക്കുറിച്ചോ കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങളിലോ യാതൊരു സൂചനയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമായിട്ടില്ല.
ഏപ്രില്‍ 20ന് തന്നെ ഭര്‍ത്താവ് ലിന്‍സനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിലെടുത്തിരുന്നു. ചിക്കുവിന്റെ ശരീരത്തു നിന്നും ലിന്‍സന്റെ വിരലടയാളം മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുള്ളത്. കൊലപാതകം നടത്തിയവര്‍ വളരെ ആസൂത്രിതമായിട്ടാണ് കൃത്യം നിര്‍വഹിച്ചിട്ടുള്ളത്.
മറ്റു തെളിവുകളോ സൂചനകളോ ലഭ്യമല്ലാത്തതിനാല്‍ ലിന്‍സനെ പ്രതിയാക്കിയാണ് അന്വേഷണം നടക്കുന്നത്. ലിന്‍സന്റെ ബന്ധുക്കളും സുഹൃത്തുക്കളും കിണഞ്ഞു ശ്രമിച്ചിട്ടും ലിന്‍സന്റെ റിമാന്‍ഡ് ഒഴിവാക്കാനായില്ല. സാഹചര്യ തെളിവുകള്‍ ലിന്‍സനെതിരാണെന്നാണ് ഒമാന്‍ റോയല്‍ പൊലീസിന്റെ വിശദീകരണം.