ബെംഗളൂരു: കര്‍ണാടകയില്‍ രണ്ടാം വര്‍ഷ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ക്രൂരമായ റാഗിങ്ങിനിരയായി. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലുള്ള നഴ്‌സിങ് കോളജിലാണ് സംഭവം.
മലയാളികളായ സീനിയര്‍ വിദ്യാര്‍ഥികളാണ് റാഗ് ചെയ്തത്. എടപ്പാള്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ശുചിമുറി വൃത്തിയാക്കുന്ന ലോഷന്‍ കുടിപ്പിച്ചതാണെന്നും അന്നനാളം വെന്തുരുകിയ നിലയിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു
മെയ് ഒമ്പതിനാണ് എട്ടംഗസംഘം കുട്ടിയെ ബലമായി ബാത്ത്‌റൂം ക്ലീനര്‍ കുടിപ്പിച്ചത്. മെഡിക്കല്‍ കോളേജില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്.
കര്‍ണാടകയില്‍ ഏതാനും ദിവസം ചികിത്സയിലിരുന്നിട്ടും മാറ്റമില്ലാത്തതിനെ തുടര്‍ന്ന് കുട്ടിയെ കേരളത്തില്‍ എത്തിക്കുകയായിരുന്നു. എടപ്പാളിലെയും തൃശൂരിലെയും ആശുപത്രികളില്‍ എത്തിച്ച ശേഷമാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.
കറുത്തവളെന്ന് വിളിച്ചും മറ്റും സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് കുട്ടിയുടെ പരാതിയില്‍ പറയുന്നു. ബാത്ത്‌റൂം ക്ലീനര്‍ കുടിപ്പിച്ചതോടെ രക്തം ഛര്‍ദ്ദിച്ച് അവശനിലയിലായ കുട്ടിയെ മറ്റു കുട്ടികള്‍ ചേര്‍ന്ന് ആശുപത്രിയിലാക്കുകയായിരുന്നു.
കര്‍ണാടകയിലാണ് കുട്ടി പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ അവശനിലയിലായ വിദ്യാര്‍ഥിയില്‍ നിന്നും പോലീസിന് മൊഴിയെടുക്കാനായിരുന്നില്ല.
വിഷയത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. കുട്ടിയുടെ ചികിത്സയുടെ മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരുവിലെ ഗുല്‍ബര്‍ഗിലുള്ള നഴ്‌സിംഗ് കോളേജില്‍ അഞ്ചുമാസം മുന്‍പാണ് കുട്ടി പഠിക്കാന്‍ ചേര്‍ന്നത്. നിര്‍ധന ദളിത് കുടുംബാംഗമായ വിദ്യാര്‍ത്ഥിനി വായ്പയെടുത്താണ് ബെംഗളൂരുവില്‍ പഠിക്കാനെത്തിയത്. അന്നുമുതല്‍ തന്നെ സീനിയര്‍ വിദ്യാര്‍ഥികള്‍ വിവിധ തരത്തില്‍ പീഡിപ്പിക്കുന്നുണ്ടെന്ന് കുട്ടിയുടെ പരാതിയില്‍ പറയുന്നു.
ദിവസങ്ങള്‍ പലതുകഴിഞ്ഞിട്ടും കോളേജധികൃതര്‍ വിവരം അന്വേഷിക്കുകപോലും ചെയ്തില്ലെന്നും റാഗ് ചെയ്ത വിദ്യാര്‍ഥികള്‍ ഇപ്പോഴും അവിടെ സുഖമായി പഠിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനമുഖ്യമന്ത്രി, മന്ത്രിമാര്‍, പൊലീസ് മേധാവി എന്നിവര്‍ക്കും ബെംഗളൂരു ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്.