കോഴിക്കോട്: കര്‍ണാടകയില്‍ മലയാളി നഴ്‌സിംങ് വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്ത കേസില്‍ കര്‍ണാടക വനിതാകമ്മീഷനോട് അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന വനിതാകമ്മീഷന്‍ ആവശ്യപ്പെട്ടു.കൂടാതെ കേസ് അന്വേഷണം നിരീക്ഷിക്കണമെന്നും പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നും സംസ്ഥാന വനിതാകമ്മീഷന്‍ ആവശ്യപ്പെട്ടു. എടപ്പാള്‍ സ്വദേശി കര്‍ണാടകയില്‍ ക്രൂരമായി റാഗിങിന് ഇരയായത്.
മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി എടപ്പാള്‍ സ്വദേശിനി അശ്വതി ക്രൂരമായ റാഗിംഗിന് ഇരയായ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കൊളേജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു, അശ്വതിയുടെ സീനിയര്‍ വിദ്യാര്‍ത്ഥിനികളായ കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി കേരളാ പൊലീസ് കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലേക്ക് പോകും.
വധശ്രമം, പട്ടികജാതി പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇന്ന് ഗുല്‍ബര്‍ഗയിലെത്തുന്ന രണ്ടംഗ കേരളാ പൊലീസ് സംഘം എഫ്‌ഐആര്‍ ഗുല്‍ബര്‍ഗ് പൊലീസിന് കൈമാറും.
അശ്വതിയുടേയും കുടുംബത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ക്രൂരമായ റാഗിംഗിന് ഇരയായ അശ്വതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഒരു മാസം മുന്‍പ് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.