തിരുവനന്തപുരം: സ്‌കോട്ട്‌ലന്‍ഡില്‍ യുവമലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ സേവ്യറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു.
മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഫാല്‍കിര്‍ക്ക് പള്ളിയില്‍നിന്നും 25- 30 കിലോമീറ്റര്‍ അകലെയുള്ള ഡന്‍ബാര്‍ കടല്‍ക്കരയിലാണു വൈദികന്റെ മൃതദേഹം കാണപ്പെട്ടത്.
വാരാന്ത്യമായതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ചൊവ്വാഴ്ചയോടെയേ നടക്കുകയുള്ളെന്നാണു ലഭിക്കുന്ന വിവരം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ചാലെ മരണകാരണം വ്യക്തമാകൂ എന്നു സ്‌കോട്ട്‌ലന്‍ഡ് പോലീസ് അറിയിച്ചു. ഉപരിപഠനത്തിനും ശുശ്രൂഷയ്ക്കുമായി ഏതാനും മാസം മുമ്പാണ് ഫാ. മാര്‍ട്ടിന്‍ എഡിന്‍ബറയില്‍ എത്തിയത്.