വെടിയൊച്ച മുഴങ്ങുന്ന കാശ്മീരിന്റെ മണ്ണില്‍ ഇങ്ക്വിലാബ് മുഴക്കി മലയാളി എസ്.എഫ്.ഐ !

വെടിയൊച്ച മുഴങ്ങുന്ന കാശ്മീര്‍ താഴ്‌വരയില്‍ ശുഭ്ര പതാകയേന്തി വിപ്ലവ മുദ്രാവാക്യമുയര്‍ത്തി മലയാളി വിദ്യാര്‍ത്ഥി.

മീഡിയ വണ്‍ ചാനലില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്നു ജാബിറാണ് ജമ്മുകാശ്മീര്‍ കേന്ദ്ര സര്‍വ്വകലാശാലയില്‍ എസ്.എഫ്.ഐ യൂണിറ്റ് സംഘടിപ്പിച്ചത്.

ചോര ചിതറുന്ന മണ്ണില്‍ ജീവന്‍ പണയം വെച്ച് സംഘടനാ പ്രവര്‍ത്തനം തുടങ്ങിയ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ എസ്.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറി തന്നെ നേരിട്ട് കാമ്പസിലെത്തിയിരുന്നു.

ആദ്യ യോഗത്തില്‍ തന്നെ നാല്പ്പത് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാനായത് എസ്എഫ്‌ഐക്ക് വന്‍ നേട്ടമായി.

21903723_435325866862991_772724393_n

ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായി ഇവിടെ അഡ്മിഷന്‍ കിട്ടിയ ജാബിറിന് എല്ലാവിധ പോത്സാഹനങ്ങളും നല്‍കി പറഞ്ഞയക്കാന്‍ മുന്‍പന്തിയില്‍ നിന്നത് മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കൂടിയായ മീഡിയാ വണിലെ സഹപ്രവര്‍ത്തകനായ ഷാനോസാണ്.

തന്റെ ചുവപ്പന്‍ ആഭിമുഖ്യം പ്രകടിപ്പിച്ച് ഷാനോസിട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് സുഹൃത്തിനെ കുറിച്ച് അഭിമാനം കൊള്ളുന്നത്. ഒപ്പം കയ്‌പേറിയ അനുഭവത്തിനിടയിലും ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ച സ്വന്തം പിതാവിന്റെ രാഷ്ട്രീയ ബോധത്തിലും അഭിമാനിക്കുകയാണ് ഈ മാധ്യമ പ്രവര്‍ത്തകന്‍.

രണ്ടു പേരുടെയും ചുവപ്പന്‍ സ്വപ്നങ്ങള്‍ക്ക് ബിഗ് സല്യൂട്ട് നല്‍കുന്ന ഫെയ്‌സ് ബുക്ക് പേജ് ഇതിനകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ ;

രണ്ട് സഖാക്കള്‍…  ആദ്യം ജാബിറിനെ കുറിച്ച് പറയാം… കാരണം ജാബിറിന്റേത് നമുക്കൊക്കെ ചിന്തിക്കാന്‍ പോലും കഴിയാത്ത പോരാട്ടമാണ്…  മുപ്പത്തിയോരായിരത്തി അഞ്ഞൂറ് സിപിഐഎം ബ്രാഞ്ചുകളുള്ള കേരളത്തില്‍ അല്ല ജാബിര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആ പോരാട്ടത്തിന്റെ വലിപ്പവും മഹത്വവും വര്‍ധിപ്പിക്കുന്നത്. രാജ്യത്തിന്റെ അങ്ങേയറ്റത്ത് പുരോഗമനത്തിന്റെ പതാക നാട്ടിയിരിക്കുകയാണ് സഖാവ് ജാബിര്‍. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും സൈന്യത്തിന്റെ പ്രതിരോധവും അതേ സൈന്യത്തിനെതിരെ നാട്ടാരുടെ കല്ലേറും ഇതിനിടയില്‍ ചിതറിപ്പറക്കുന്ന പെല്ലറ്റുകളും ചിലപ്പോള്‍ കാഴ്ചയും മറ്റുചിലപ്പോള്‍ ജീവനും നിലച്ചു പോകുന്ന വര്‍ത്തമാനങ്ങള്‍ മാത്രം കേള്‍ക്കാന്‍ കഴിയുന്ന കശ്മീരിലാണ് ജാബിര്‍. അവിടെ കശ്മീര്‍ കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി. കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്‍ഥി സമരേതിഹാസങ്ങളുടെ ചരിത്രത്തിലേക്കാണ് ജാബിര്‍ ചുവട് വെച്ചിരിക്കുന്നത്. അവിടെയൊരു എസ് എഫ് ഐ യൂണിറ്റ് ഉണ്ടായിരിക്കുന്നു. തിരുവനന്തപുരത്ത് എംജി കോളജില്‍ യൂണിറ്റുണ്ടാക്കാന്‍ എസ്എഫ്‌ഐ നേതൃത്വം കൈകാലിട്ടടിക്കുമ്പോഴാണ് അങ്ങ് കശ്മീരില്‍, സംഘ്പരിവാര്‍ വേട്ടയെ അവഗണിച്ച് രക്തസാക്ഷികളുടെ ചോരകൊണ്ട് വരച്ച നക്ഷത്രാങ്കിത ശുഭ്രപതാക സര്‍വകലാശാലയില്‍ ഉയര്‍ത്തിയത്. എസ്എഫ്‌ഐയുടെ അഖിലേന്ത്യാ സെക്രട്ടറി യൂണിറ്റ് ഉദ്ഘാടനം ചെയ്യുമ്പോള്‍ കശ്മീരിലെ ലീഡിങ് ന്യൂസ് പേപ്പറില്‍ അതൊരു പ്രധാന വാര്‍ത്തയായി മാറുന്നു. അത്രക്കുമുണ്ട് അതിന്റെ വര്‍ത്തമാനകാല പശ്ചാത്തലം.

21935549_435325880196323_1897073892_n

രക്തം രക്തത്തെ തിരിച്ചറിയും എന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് ഒരു മാര്‍ക്‌സിസ്റ്റ് മറ്റൊരു മാര്‍ക്‌സിസ്റ്റിനെ തിരിച്ചറിയുന്നത്. റിപ്പോര്‍ട്ടറില്‍ നിന്ന് മീഡിയവണില്‍ എത്തുമ്പോള്‍ ന്യൂസ്
ഡെസ്‌കില്‍ കണ്ടുമുട്ടിയ കണ്ണടവെച്ച ആ ചെറുപ്പക്കാരനും ഞാനും തമ്മില്‍ വേഗം സൌഹൃദത്തിലായിതിന് പിന്നില്‍ മാര്‍ക്‌സിസ്റ്റ് വിശ്വാസികള്‍ എന്ന പൊതുധാരയായിരുന്നു. ഒരു ദിവസം ജാബിര്‍ ചോദിക്കുന്നു, ചേട്ടാ വീണ്ടും പഠിക്കാന്‍ ഒരവസരം വന്നിരിക്കുന്നു… എവിടെയെന്ന ചോദ്യത്തിന് കശ്മീരില്‍ എന്നായിരുന്നു അവന്റെ മറുപടി. ഒട്ടം അമാന്തിച്ചില്ല, ഇന്ന് തന്നെ രാജിവെച്ച് കശ്മീരിന് വിട്ടോടാ എന്നായിരുന്നു എനിക്കവനോട് പറയാനുണ്ടായിരുന്നത്. അവന്‍ പോയി, അവിടെ ചുവടുറപ്പിച്ചു, മെല്ലെ അവന്റെ സംഘടനയെയും അവിടെ പിച്ചവെപ്പിച്ചു, ഇനി വേണ്ടത് അവിടെയൊരു തെരഞ്ഞെടുപ്പാണ്… അങ്ങനെയൊന്നുണ്ടായാല്‍ പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പതാക അവിടെ ഉയരുമെന്നുതന്നെയാണ് ജാബിറിന്റെയും സഖാക്കളുടെയും പ്രതീക്ഷ…

ഇനി പറയാനുള്ളത് എന്റെ പപ്പയെ കുറിച്ചാണ്…

വീട്ടില്‍ ഞാനടക്കം മൂന്ന് ആണ്‍മക്കള്‍. ചെറുപ്പം മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തനം. പിന്നെ ഡിവൈഎഫ്‌ഐ, പ്രായപൂര്‍ത്തായപ്പോള്‍ സിപിഎം അംഗത്വത്തിലേക്ക്… തന്നെ വന്നതല്ലാ, അത്യുത്സാഹത്തോടെ ഞങ്ങളെ മൂന്ന് പേരെയും സംഘടനാ രംഗത്തേക്ക് പറഞ്ഞയച്ചത് പപ്പയായിരുന്നു. എണ്‍പതുകളില്‍ ഡിവൈഎഫ്‌ഐ രൂപീകരണസമയത്തായിരുന്നു ഞാന്‍ ജനിച്ചത്. അക്കാലത്ത് പപ്പയും അടുത്ത വീട്ടിലെ മോനിച്ചന്‍ ചേട്ടനും ചിറ്റങ്ങാട്ടെ ഉണ്ണിച്ചേട്ടനും വേലിക്കകത്തെ സോമച്ചായനും അനിയന്‍ ശശിയും ഒക്കെ ഡിവൈഎഫ്‌ഐ രംഗത്തെ സജീവ സാന്നിധ്യമായിരിക്കുന്ന സമയം. അവരുടെയൊക്കെ സംഘടനാ പ്രവര്‍ത്തനം കണ്ടായിരുന്നു ഞാന്‍ വളര്‍ന്നത്. ഏഴിലോ എട്ടിലോ പഠിക്കുമ്പോള്‍ സ്‌കൂള്‍ പ്രതിനിധിയായി ഷാനോസിനെ എസ്എഫ്‌ഐ സമ്മേളനത്തിന് വിടുമോ എന്ന് ബിനുവര്‍ഗീസും വിജയനും വന്ന് ചോദിക്കുമ്പോള്‍ അവരേക്കാള്‍ ആവേശത്തോടെ എന്നെ പറഞ്ഞയച്ചത് പപ്പയായിരുന്നു. ഡിവൈഎഫ്‌ഐയുടെ ചരിത്ര സമരങ്ങളായ മനുഷ്യച്ചങ്ങലക്കും മനുഷ്യക്കോട്ടക്കും പോയത് പപ്പയുടെ കൈ പിടിച്ചായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും പപ്പ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരാന്‍ ആഗ്രഹിച്ച് ഞാന്‍ കണ്ടിട്ടില്ല. ഞങ്ങള് മൂന്ന് പേരും എസ്എഫ്‌ഐയുടെ പലഘടകങ്ങളിലും നേതാക്കന്മാരായി. അപ്പോഴെല്ലാം പാര്‍ട്ടി അംഗമായി മാത്രം പപ്പ നിലകൊണ്ടു. പാറപ്പാട് പുതിയ ബ്രാഞ്ച് ഉണ്ടായ സമയത്താണ് പപ്പ ബ്രാഞ്ച് സെക്രട്ടറി ആകുന്നതും പിന്നീട് ലോക്കല്‍ കമ്മറ്റി അംഗമാകുന്നതും. ഇതിന് മുമ്പ് തന്നെ കര്‍ഷക തൊഴിലാളി യൂണിയന്റെ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയില്‍ എത്തിയിരുന്നു.

21903567_435325876862990_842187825_n

2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വന്തം വാര്‍ഡില്‍ സഖാവ് പി ഡി കുട്ടന്‍ മത്സരിക്കണം എന്ന സഹപ്രവര്‍ത്തകരുടെ നിര്‍ദേശമാണ് പപ്പയെ പാര്‍ട്ടിക്ക് പുറത്തെത്തിച്ചത്. കുട്ടന്‍ സഖാവൊക്കെ പഞ്ചായത്തിലേക്ക് മത്സരിക്കുകയോ എന്ന പുരികം ചുളിച്ചുള്ള നേതാക്കളുടെ ചോദ്യങ്ങളില്‍ പുച്ഛവും അവജ്ഞയും കലര്‍ന്നിരുന്നു. പപ്പാ മത്സരിക്കാനൊന്നും പോകണ്ട, അതൊക്കെ പാര്‍ട്ടി തീരുമാനിച്ചോളും എന്നായിരുന്നു എന്റെ നിലപാട്. അതിന് മുന്നേ ഞാന്‍ പാര്‍ട്ടിക്ക് പുറത്തായിരുന്നു. എന്നോടുള്ള ദേഷ്യം എന്റെ കുടുംബത്തോട് മൊത്തം പ്രാദേശിക നേതൃത്വം തീര്‍ത്തു. അങ്ങനെ പപ്പയും രണ്ട് അനിയന്മാരും പാര്‍ട്ടിക്ക് പുറത്തായി. അമ്മാമ്മ(അമ്മ) മാത്രം പാര്‍ട്ടി അംഗത്വത്തില്‍ അവശേഷിച്ചു. ഞാനും അനിയന്‍മാരും പ്രാദേശിക നേതൃത്വത്തോട് കുരിശ് യുദ്ധം പ്രഖ്യാപിച്ചു.( അത് ഇന്നും തുടരുന്നു). പക്ഷേ പപ്പക്ക് പാര്‍ട്ടിയില്ലാതെ ജീവിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു തെറ്റും ചെയ്യാതിരുന്നിട്ടും മാപ്പപേക്ഷ എഴുതിക്കൊടുത്ത് വീണ്ടും പാര്‍ട്ടി അംഗത്വത്തിലേക്ക് പപ്പ തിരിച്ചെത്തി. ഒടുവില്‍ തന്നെ തഴഞ്ഞ നേതാക്കന്മാരുടെ മുന്നില്‍ തന്നെ പപ്പ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി. പതിനായിരക്കണക്കിന് ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് മുന്നില്‍ പിഡി കുട്ടന്‍ എന്ന എന്റെ പപ്പ അത്രവലിയ സംഭവമൊന്നുമല്ല, പക്ഷേ പാര്‍ട്ടിയുടെ ജീവനാഡിയായ പാര്‍ട്ടി ബ്രാഞ്ചിന്റെ സെക്രട്ടറി എന്നത് മഹത്തായൊരു പദവി തന്നെയാണ്. മുപ്പത്തോരായിരത്തി അഞ്ഞൂറ് ബ്രാഞ്ച് സെക്രട്ടറിമാരും മഹാന്മാര്‍ തന്നെ. അവരാണ് ഈ പാര്‍ട്ടിയുടെ യഥാര്‍ഥ നായകന്മാര്‍.

രണ്ട് സഖാക്കളെയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു… എന്റെ പപ്പക്കും എന്റെ ജാബിറിനും സ്‌നേഹാഭിവാദ്യങ്ങള്‍…

Top