malayali student murder ; three people arrested

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥി പാന്‍മസാല വില്‍പനക്കാരുടെ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയിലായി.

പാന്‍ മസാല വില്‍പനക്കാരനും രണ്ട് മക്കളുമാണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. രജത്ത് ഡല്‍ഹി മയൂര്‍വിഹാര്‍ ഫേസ് ത്രീയില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകന്‍ രജത്ത് (15) ആണ് ബുധനാഴ്ച മര്‍ദ്ദനമേറ്റ് മരിച്ചത്.

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന രജത്തിനെ സാധനങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ച് വഴിയരികിലെ പാന്‍മസാല കച്ചവടക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു. പാന്‍വില്‍പനക്കാരുടെ മക്കളാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് സൂചന.

ഇക്കാര്യത്തില്‍ കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ മൊഴികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മര്‍ദ്ദിച്ചവര്‍തന്നെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

കുട്ടിയുടെ മരണത്തിലേയ്ക്ക് നയിച്ച കാരണം എന്തെന്ന് ഇതുവരെ വ്യക്തമായില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരികമായി പരിക്കുകളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

രജിത്തിന്റെ ആന്തരികാവയവങ്ങള്‍ വിശദമായ പരിശോധനയ്ക്ക് അയയ്ക്കുമെന്നും ഇതിന്റെ ഫലം വന്നശേഷം മാത്രമേ മരണ കാരണം എന്തെന്ന് വ്യക്തമാകുകയുള്ളൂ എന്നുമാണ് പോലീസ് പറയുന്നത്.

പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആദ്യം എത്തിച്ച ആശുപത്രികളില്‍ ചികിത്സിക്കാന്‍ തയ്യാറായില്ല എന്നും പരാതിയുണ്ട്. ആദ്യം സ്വകാര്യ ആശുപത്രികളിലും പിന്നീട് ലാല്‍ബഹദൂര്‍ ശാസ്ത്രി ആശുപത്രിയിലും മര്‍ദ്ദിച്ചവര്‍ത്തന്നെ കുട്ടിയെ എത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

രജത്തിന്റെ മരണത്തെ തുടര്‍ന്ന് നൂറുകണക്കിന് മലയാളികളാണ് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ ന്യൂ അശോക് നഗര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പോലീസ് പ്രദേശത്തെ കടകള്‍ അടപ്പിച്ചു.

Top