ചെന്നൈ: മധ്യപ്രദേശിൽ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാലയിൽ മലയാളി വിദ്യാർഥികൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ അപലപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രശ്നത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വർധിച്ചുവരുന്ന വിവേചനത്തിന്റെ സൂചനയാണ് ഈ സംഭവം. വിദ്യാർത്ഥികളെ സംരക്ഷിക്കേണ്ടവർ തന്നെ അവരെ മർദ്ദിക്കുന്നത് അപലപനീയമാണ്. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും കുറ്റവാളികൾക്ക് ശിക്ഷയുറപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അനുപുർ ജില്ലയിലെ അമർകണ്ടകിലുള്ള സർവകലാശാലാ ക്യാമ്പസിലെ സെക്യൂരിറ്റി ജീവനക്കാരാണ് വിദ്യാർത്ഥികളെ മർദ്ദിച്ചത്. സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റിരുന്നു. ക്യാമ്പസിന്റെ ചിത്രം എടുക്കുന്നതിനിടെ യാതൊരു കാരണവും കൂടാതെ സെക്യൂരിറ്റി ജീവനക്കാർ വിദ്യാർത്ഥികളെ മർദിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ക്യാമ്പസിനോട് ചേർന്ന വാട്ടർ ടാങ്കിന് മുകളിൽ കയറി ചിത്രമെടുത്തു എന്നാരോപിച്ചായിരുന്നു മർദനം. എന്നാൽ ഇവിടെ എല്ലാ വിദ്യാർത്ഥികളും കയറി ചിത്രമെടുക്കാറുണ്ടെന്നും നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.
I condemn the outrageous attack on students from Kerala at #IGNTU by security staff whose very duty is to protect the students.
I appeal to the Union Govt to intervene and stop the growing tendency of discrimination and attack against students in Higher Education Institutions.
— M.K.Stalin (@mkstalin) March 12, 2023
നഷീൽ, അഭിഷേക് ആർ, അദ്നാൻ, ആദിൽ റാഷിഫ് എന്നിവർക്കാണ് പരിക്കേറ്റത്. കേരളവാല, സൗത്ത് ഇന്ത്യന്‍ എന്നൊക്കെ പറഞ്ഞായിരുന്നു മർദ്ദനമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. മലയാളി വിദ്യാർഥികളെ തെരഞ്ഞുപിടിച്ച് മർദ്ദിക്കുന്ന സ്വഭാവം സെക്യൂരിറ്റി ജീവനക്കാർക്കുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. സംഭവത്തിൽ ക്യാമ്പസ് അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.