കൊച്ചി: മലയാളി യുവാവിനെ നടുക്കടലില്‍ കപ്പലില്‍ നിന്ന് കാണാതായി റിപ്പോര്‍ട്ട്. ചരക്കുകപ്പലിലെ ട്രെയിനിയായി ജോലി ചെയ്തു വരികെയാണ് മൗറീഷ്യസ് തീരത്തിനടുത്ത് നിന്നും യുവാവിനെ കാണാതായത്.
എറണാകുളം കാക്കനാട് സ്വദേശിയായ അശ്വിന്‍ കുമാറിനെയാണ് മൂന്ന് ദിവസം മുമ്പ് കാണാതായത്. അശ്വിന്‍ കഴിഞ്ഞ മാസം ആറിനാണ് ആഗ്ലോ ഈസ്റ്റേണ്‍ എന്ന മുംബൈ ആസ്ഥാനമായ ഷിപ്പിങ് കമ്പനിയില്‍ ട്രെയിനി ഇലക്ട്രിക്കല്‍ ഓഫീസറായി ജോലിയില്‍ പ്രവേശിച്ചത്. എം വി സഹസ്രാനി എന്ന ചരക്കുകപ്പലില്‍ ചൈനയിലെ തുറമുഖത്ത് നിന്നാണ് അശ്വിന്‍ കയറിയത്.
കഴിഞ്ഞ 27 വരെ അശ്വിന്‍ സുഹൃത്തുക്കളുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ സജീവമായിരുന്നു. 28-ന് കപ്പലിലെ വയര്‍ലസ് ഫോണിലൂടെ മാതാപിതാക്കളോട് സംസാരിക്കുകയും ചെയ്തിരുന്നു. 29-ന് രാത്രി എട്ടിന് കപ്പലിലെ എഞ്ചിന്‍ കണ്‍ട്രോള്‍ റൂമിലേക്ക് അശ്വിന്‍ പോകുന്നത് കണ്ടതായി സഹപ്രവര്‍ത്തകര്‍ പറയുന്നുണ്ട്.
അടുത്ത ദിവസം രാവിലെ പതിവുള്ള എഞ്ചിന്‍ റൂം മീറ്റിങില്‍ അശ്വിനെ കാണാതായപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. കപ്പലില്‍ വിശദമായി അന്വേഷണം നടത്തിയിട്ടും അശ്വിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് കപ്പല്‍ കമ്പനി ഡയറക്ടര്‍ മനീഷ് പ്രധാന്‍ വീട്ടുകാരെ അറിയിച്ചിരിക്കുന്നത്.
അശ്വിനെ കാണാതായ സമയത്ത് കപ്പല്‍ അന്താരാഷ്ട്ര ചാനലില്‍ ഓസ്ട്രേലിയ-മൗറീഷ്യസ് റൂട്ടിലായിരുന്നു. ഓസ്ട്രേലിയയിലെ മറൈന്‍ ഏജന്‍സികളുടെ സഹകരണത്തോടെയാണ് തിരച്ചിലെന്ന് കഴിഞ്ഞ ദിവസം അറിയിച്ച കപ്പല്‍ അധികൃതര്‍ ബന്ധുക്കളുടെ ചോദ്യങ്ങളോട് കാര്യമായി പ്രതികരിച്ചില്ല എന്നും ആരോപണമുണ്ട്.